കൊച്ചി: നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കടുത്ത പനി കാരണമാണ് അദ്ദേഹം ചികിത്സ തേടിയത്. താരത്തിന് ശ്വാസ തടസവും അനുഭവപ്പെട്ടു.
അമൃത ആശുപത്രി അധികൃതർ തന്നെയാണ് മോഹൻലാലിൻ്റെ അസുഖ വിവരം പുറത്ത് വിട്ടത്. മോഹൻലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. ചികിത്സയുടെ ഭാഗമായി താരത്തിന് അഞ്ച് ദിവസത്തെ വിശ്രമവും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
‘മോഹൻലാൽ, 64 വയസ്സുള്ള പുരുഷൻ, എംആർഡി നമ്പർ 1198168, അദ്ദേഹത്തിന് ഉയർന്ന ഗ്രേഡ് പനി, ശ്വാസതടസ്സം, ശരീര വേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ഞാൻ പരിശോധിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നതിനാണ് ഇത്. അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നു. 5 ദിവസത്തെ വിശ്രമത്തോടെ മരുന്നുകൾ കഴിക്കണമെന്നും തിരക്കേറിയ സ്ഥലങ്ങളിലെ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശിച്ചു” മോഹൻലാലിനെ ചികിത്സിച്ച അമൃത ആശുപത്രിയിലെ പ്രൊഫസർ ഗിരീഷ് കുമാർ മെഡിക്കൽ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി.
മോഹൻലാൽ സുഖം പ്രാപിച്ച് വരുന്നതായും ആശുപത്രിയിൽ നിന്നുള്ള വിവരം വ്യക്തമാക്കുന്നു. താരം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന് ആശംസിച്ചുകൊണ്ട് സിനിമാ പ്രവർത്തകരും ആരാധകരുമൊക്കെ രംഗത്ത് വന്നിട്ടുണ്ട്. ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ ശേഷം കൊച്ചിയിൽ എത്തിയപ്പോഴാണ് അദ്ദേഹത്തിന് അസ്വസ്ഥതകൾ ഉണ്ടായതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസമാണ് ബറോസിന്റെ തിയതി പ്രഖ്യാപിച്ചത്. ഒക്ടോബർ 3നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ആദ്യം സെപ്തംബർ 12ന് സിനിമ റിലീസ് ചെയ്യാനായിരുന്നു ആലോചിച്ചത്. എന്നാൽ പിന്നീട് ഇത് മാറ്റിവെക്കുകയായിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംമ്പുരാന്റെ റിലീസും ഈ വർഷം തന്നെയുണ്ടാകും.
സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രാഹണം നിർവഹിച്ചിക്കുന്നത്. ജിജോ പുന്നൂസിന്റേതാണ് കഥ. ചിത്രത്തിന്റെ ആകെ ബജറ്റ് 100 കോടിയാണെന്നും റിപ്പോർട്ടുണ്ട്. നിർമാണം ആൻ്റണി പെരുമ്പാവൂരാണ്. മായ, സീസർ, ഗുരു സോമസുന്ദരം തുടങ്ങിയിവരും ബറോസിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
STORY HIGHLIGHTS:Hospital authorities released Mohanlal’s medical bulletin