ജപ്പാൻ:രജിപ്രഖ്യാപനവുമായി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ. അടുത്ത മാസം സ്ഥാനം ഒഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കാൻ കിഷിദ ലിബറല് ഡെമോക്രാറ്റിക് പാർട്ടിയോട് (എല്ഡിപി) ആവശ്യപ്പെട്ടതായി എൻഎച്ച്കെ ഉള്പ്പെടെയുള്ള ജാപ്പനീസ് മാധ്യമങ്ങള് റിപ്പോർട്ട് ചെയ്തു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാല് പിന്നെ രാഷ്ട്രീയത്തില് തുടരുന്നതില് കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ ഓർത്താണ് ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
2021ലാണ് ഫ്യൂമിയോ കിഷിദ ജപ്പാൻ പ്രധാനമന്ത്രിയായത്. വിലക്കയറ്റവും അഴിമതി ആരോപണങ്ങളും അദ്ദേഹത്തിന്റെ ജനപ്രീതി ഇടയാൻ കാരണമായി. ജീവിത ചെലവിലുണ്ടായ വർദ്ധന ഉള്പ്പെടെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വെല്ലുവിളികള് പുതിയ പ്രധാനമന്ത്രിക്ക് മുന്നിലുണ്ട്.
കൊവിഡ് കാലത്ത് കിഷിദ പ്രഖ്യാപിച്ച സാമ്ബത്തിക പാക്കേജുകള് ജനങ്ങള്ക്ക് ഏറെ ആശ്വാസകരമായിരുന്നു. പിന്നീട് ബാങ്ക് ഓഫ് ജപ്പാൻ അപ്രതീക്ഷിതമായി പലിശ നിരക്ക് ഉയർത്തിയത് സ്റ്റോക്ക് മാർക്കറ്റില് അസ്ഥിരതയ്ക്ക് കാരണമായി. യെൻ മൂല്യം കുത്തനെ ഇടിയുകയും ചെയ്തു. യൂണിഫിക്കേഷൻ ചർച്ചും എല്ഡിപിയും തമ്മിലുള്ള ബന്ധവും എല്ഡിപിയുടെ രേഖകളിലില്ലാത്ത ധനസമാഹരണവും ജപ്പാനില് വിവാദമായി. ഇതോടൊപ്പം വർദ്ധിച്ചുവരുന്ന ജീവിത ചെലവുകള്ക്ക് അനുസരിച്ച് വേതന വർദ്ധനവുണ്ടാകാത്തതിലും ജനങ്ങള് അസ്വസ്ഥരായിരുന്നു.
പ്രധാനമന്ത്രി കിഷിദയുടെ ധീരമായ നേതൃത്വം എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം നല്ല സുഹൃത്താണെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയില് പറഞ്ഞു. കിഷിദയ്ക്ക് ശേഷം ആര് പ്രധാനമന്ത്രിയായാലും അമേരിക്ക ജപ്പാനുമായുള്ള സഹകരണവും പങ്കാളിത്തവും തുടരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വേദാന്ത് പട്ടേല് പറഞ്ഞു.
കിഷിദയ്ക്ക് ശേഷം മുൻ പ്രതിരോധ മന്ത്രി ഷിഗെരു ഇഷിബ പ്രധാനമന്ത്രിയായേക്കും. മതിയായ പിന്തുണ ലഭിച്ചാല് തന്റെ കടമ നിറവേറ്റാമെന്ന് അദ്ദേഹം പറഞ്ഞതായി ജാപ്പനീസ് മാധ്യമങ്ങള് റിപ്പോർട്ട് ചെയ്തു. വിദേശകാര്യ മന്ത്രി യോക്കോ കാമികാവ, ഡിജിറ്റല് മന്ത്രി ടാരോ കോനോ, മുൻ പരിസ്ഥിതി മന്ത്രി ഷിൻജിറോ കൊയ്സുമി എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. 2025ല് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നഷ്ടമായ ജനപ്രീതി തിരിച്ചുപിടിക്കാനാണ് എല്ഡിപിയുടെ ശ്രമം.
STORY HIGHLIGHTS:Prime Minister of Japan announced his resignation