കൊച്ചി: പ്രകൃതിദുരന്തങ്ങള് ഒഴിവാക്കുന്നതിന് സംസ്ഥാനത്തൊട്ടാകെ പരിസ്ഥിതി ഓഡിറ്റിങ് നടത്തേണ്ടതുണ്ടെന്ന് ഹൈകോടതി.
വയനാട് ഉരുള്പൊട്ടല് ദുരന്തത്തില് സ്വമേധയാ എടുത്ത ഹർജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാരും ജസ്റ്റിസ് വി.എം. ശ്യാംകുമാറും ഉള്പ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ഇക്കാര്യത്തില് സർക്കാർ നിലപാട് അറിയിക്കാൻ അഡ്വക്കറ്റ് ജനറല് കെ. ഗോപാലകൃഷ്ണ കുറുപ്പ് സമയം തേടി.
ഹരജിയില് കോടതിയെ സഹായിക്കാൻ സീനിയർ അഭിഭാഷകൻ രഞ്ജിത് തമ്ബാനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. എല്ലാ വെള്ളിയാഴ്ചയും വിഷയം പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം, ജിയോളജിക്കല് സർവേ ഓഫ് ഇന്ത്യ, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം, സ്റ്റേറ്റ് എൻവയണ്മെന്റ് ഇംപാക്ട് അതോറിറ്റി തുടങ്ങിയവരെ കേസില് കക്ഷിയാക്കി.
ഇവർക്കെല്ലാം നോട്ടീസ് അയക്കാനും നിർദേശിച്ചു. വികസന പദ്ധതികള് നടപ്പാക്കുംമുമ്ബ് ഏത് തരത്തിലാണ് പ്രകൃതിയെ ബാധിക്കുക എന്നതടക്കം കാര്യങ്ങള് സമഗ്രമായി പഠിക്കേണ്ടതുണ്ട്. നിലവില് സർക്കാർ വകുപ്പുകള് തമ്മില് ഇക്കാര്യത്തില് ഏകോപനമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. രണ്ട് ജില്ലകള് ഒഴികെ മറ്റുള്ളവയെല്ലാം മണ്ണിടിച്ചില് ഭീഷണി നേരിടുന്നുണ്ടെന്ന് അഡ്വക്കറ്റ് ജനറല് വിശദീകരിച്ചു.
പൊതുവായി പറയുന്നതിനപ്പുറം ഇക്കാര്യത്തില് വിശദ പഠനവും ജിയോ മാപ്പിങ്ങും വേണമെന്ന് കോടതി വ്യക്തമാക്കി. നിർമാണ പ്രവർത്തനങ്ങള് അനുവദിക്കാവുന്നതും അനുവദിക്കാനാകാത്തതുമായ മേഖല ഏതെന്ന് വ്യക്തമായി തിരിക്കാനാകാണം. ഇക്കാര്യത്തിലൊക്കെ സമഗ്ര റിപ്പോർട്ട് നല്കാൻ അമിക്കസ് ക്യൂറിയോടും നിർദേശിച്ചു.
STORY HIGHLIGHTS:Environmental auditing is necessary to avoid natural calamities; High Court