ഗാസയിൽ വീണ്ടും ഇസ്രയേലിൻ്റെ ആക്രമണം: യുഎന്നിൻ്റെ 2 സ്കൂളുകൾ തകർത്തു; കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു
ദില്ലി: പലസ്തീനിലെ ഗസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കുട്ടികളുൾപ്പെടെ 30 പേർക്ക് ദാരുണാന്ത്യം. പടിഞ്ഞാറൻ ഗാസ നഗരത്തിൽ, ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്കൂളുകൾക്ക് നേരെയായിരുന്നു ബോംബ് ആക്രമണം. ഇവിടെ താമസിച്ചിരുന്ന അഭയാർത്ഥികളായ പലസ്തീനികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിൽ ഹാസൻ സലാമ, അൽ നാസർ സ്കൂളുകൾ ഏറെക്കുറെ പൂർണമായും തകർന്നു.
തങ്ങൾ ഹമാസിൻ്റെ കമ്മാൻഡ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേലിൻ്റെ വാദം. ഒരു മാസത്തിനിടെ ഇസ്രയേൽ ഗാസയിൽ 11 സ്കൂളുകൾ തകർത്തു. ജൂലൈ ആറ് മുതൽ ഇതുവരെ 150 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു. ഹമാസ് – ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഭവനരഹിതരാക്കപ്പെട്ട അഭയാർത്ഥികളാണ് ഇവിടെ കഴിഞ്ഞിരുന്നതെന്നാണ് പലസ്തീനിലെ സിവിൽ ഡിഫൻസ് വക്താവ് മഹമുദ് ബസൽ പ്രതികരിച്ചു.
STORY HIGHLIGHTS:Israel’s attack in Gaza again: 30 people including children were killed