ഒളിമ്ബിക്സ് ഹോക്കിയില് കരുത്തരായ ആസ്ട്രേലിയയെ മലർത്തിയടിച്ച് ഇന്ത്യ.
പാരിസ്:ഒളിമ്ബിക്സ് ഹോക്കിയില് കരുത്തരായ ആസ്ട്രേലിയയെ മലർത്തിയടിച്ച് ഇന്ത്യ. നേരത്തേ ക്വാർട്ടർ ഉറപ്പിച്ച ഇന്ത്യൻ സംഘം ഗ്രൂപ്പിലെ അവസാന മത്സരത്തില് ഓസീസിനെ 3-2നാണ് തോല്പ്പിച്ചത്.
ഹര്മന്പ്രീത് സിംഗിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയെ സഹായിച്ചത്. ഒരെണ്ണം അഭിഷേകിന്റെ വകയായിരുന്നു.
തോമസ് ക്രെയ്ഗ്, ബ്ലേക്ക് ഗോവേഴ്സ് എന്നിവരാണ് ഓസ്ട്രേലിയയുടെ ഗോളുകള് നേടിയത്. ഗ്രൂപ്പിലെ അഞ്ച് മത്സരങ്ങളും പൂര്ത്തിയാക്കിയ ഇന്ത്യ 10 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇന്ന് അര്ജന്റീന, ബെല്ജിയത്തിനെതിരെ പരാജയപ്പെട്ടാല് ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്ത്താം. 1972ന് ശേഷം ഒളിമ്ബിക്സ് ഹോക്കിയില് ഇന്ത്യ ഓസീസിനെ തോല്പ്പിക്കുന്നത് ഇതാദ്യമാണ്
ആദ്യ ക്വാര്ട്ടറില് തന്നെ ഇന്ത്യ രണ്ട് ഗോളിന്റെ ലീഡെടുത്തിരുന്നു. 12-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്. ഒരു കൗണ്ടര് അറ്റാക്കില് നിന്നാണ് ഗോള് പിറന്നത്. ലളിത് ഉപാധ്യായയുടെ പാസില് നിന്ന് അഭിഷേക് അനായാസം ലക്ഷ്യം കണ്ടു. തൊട്ടടുത്ത മിനിറ്റില് രണ്ടാം ഗോളും പിറന്നു. ഇത്തവണ ഹര്മന്പ്രീത് പെനാല്റ്റി കോര്ണര് ഗോളാക്കി മാറ്റി. എന്നാല് 25-ാം മിനിറ്റില് ഓസ്ട്രേലിയ ഒരു ഗോള് തിരിച്ചടിച്ചു. ഗോവേഴ്സിന്റെ ആദ്യ ശ്രമം മന്പ്രീത് പ്രതിരോധിച്ചെങ്കിലും റീ ബൗണ്ടില് ക്രെയ്ഗ് ലക്ഷ്യം കണ്ടു.
32-ാം മിനിറ്റില് ഹര്മന്പ്രീത് വിജയമുറപ്പിച്ച ഗോള് നേടി. പാരീസ് ഒളിംപിക്സില് താരത്തിന്റെ ആറാം ഗോളായിരുന്നിത്. മത്സരം അവസാനിക്കാന് അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഗോവേഴ്സ് പെനാല്റ്റി ഫ്ളിക്കിലൂടെ ഓസീസിന്റെ രണ്ടാം ഗോള് നേടുന്നത്. അവസാന നിമിഷത്തിലടക്കം മത്സരത്തിലുടനീളം ഉജ്ജ്വല പ്രകടനമാണ് മലയാളി ഗോള്കീപ്പർ പി.ആർ ശ്രീജേഷ് നടത്തിയത്.
ടോക്യോ ഒളിമ്ബിക്സില് 7-1ന് തകർത്തതിനുള്ള മധുര പ്രതികാരം കൂടിയായി ഇന്ത്യയുടെ ഈ വിജയം. ക്വാർട്ടറില് ഇന്ത്യക്ക് സപെയിനാകും എതിരാളികളാകുക.
STORY HIGHLIGHTS:India beat strong Australia in Olympic hockey.