GulfSaudi

കൊടുവള്ളി സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ സഊദിയിൽ മലയാളി അടക്കം അഞ്ചു പേർക്ക് വധശിക്ഷ നടപ്പാക്കി

കൊടുവള്ളി സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ സഊദിയിൽ മലയാളി അടക്കം അഞ്ചു പേർക്ക് വധശിക്ഷ നടപ്പാക്കി

ദമാം: കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ തൃശൂർ സ്വദേശിക്കും നാലു സഊദി പൗരൻമാർക്കും സഊദിയിൽ വധശിക്ഷ നടപ്പാക്കി. കൊടുവള്ളി മണിപുരം ചുള്ളിയാട്ട് പൊയിൽ വീട്ടിൽ അഹമ്മദ് കുട്ടി -ഖദീജ ദമ്പതികളുടെ മകൻ സമീറിനെ കൊലപ്പെടുത്തിയ കേസിലാണ് കൊലപാതകം നടന്ന കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ വധശിക്ഷ നടപ്പാക്കിയത്.

തൃശൂർ ഏറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സീദ്ദീഖ്, സഊദി പൗരൻമാരായ ജാഫർ ബിൻ സാദിഖ് ബിൻ ഖാമിസ് അൽ ഹാജി, ഹുസൈൻ ബിൻ ബാകിർ ബിൻ ഹുസൈൻ അൽ അവാദ്, ഇദ്രിസ് ബിൻ ഹുസൈൻ ബിൻ അഹമ്മദ് അൽ സമീൽ, ഹുസൈൻ ബിൻ അബ്‌ദുല്ല ബിൻ ഹാജി അൽ മുസ്ലിമി എന്നിവർക്ക് വധശിക്ഷ നടപ്പാക്കിയത്.

2016 ജൂലൈ ഏഴിന് പെരുന്നാൾ ദിനത്തിലാണ് ജുബൈലിലെ വർക്ക്ഷോപ്പ് ഏരിയയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജൂലൈ ആറിന് സമീറിനെയും സുഹൃത്തിനേയും താമസ സ്ഥലത്ത് നിന്ന് കാണാതാവുകയായിരുന്നു. അന്വേഷണത്തിനിടെ തൊട്ടടുത്ത ദിവസം ജുബൈൽ വർക്ക്ഷോപ്പ് ഏരിയയിലെ മണലും സിമൻറും വിൽക്കുന്ന ഭാഗത്ത് പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം പിന്നീട് സമീറിൻ്റെതാണെന്ന് ഉറപ്പിക്കുകയായിരുന്നു.

പോലീസ് അന്വേഷണത്തിൻ്റെ ഭാഗമായി നിരവധി മലയാളികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയ ഭാഗത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ നീക്കമാണ് പ്രതികളിലേക്ക് എത്തിപ്പെട്ടതും 17 ദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടിയതും.

തുടർ അന്വേഷണത്തിൽ കുഴൽപ്പണ സംഘത്തേയും മദ്യവാറ്റുകാരേയും കൊള്ളയടിക്കുന്ന സംഘമാണ് സമീറിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി.

സ്വദേശികളുടെ സംഘത്തിന്റെ സഹായിയായിരുന്നു തൃശൂർ സ്വദേശി സിദ്ദീഖ്. മദ്യവാറ്റു കേന്ദ്രത്തിൻ്റെ നടത്തിപ്പുകാരൻ എന്ന് തെറ്റിദ്ധരിച്ച് സമീറിനെയും സുഹൃത്തിനെയും സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഖഫ്‌ജി റോഡിലെ ആളൊഴിഞ്ഞ കൃഷിയിടത്തിലെ കെട്ടിടത്തിൽ താമസിപ്പിച്ച് പണം ആവശ്യപ്പെട്ട് ക്രൂരമായി പീഡിപ്പിച്ചു. ക്രൂര പീഡനമേറ്റ് സമീർ അബോധാവസ്ഥയിലായതോടെ ബ്ലാങ്കറ്റിൽ പൊതിഞ്ഞ് വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും സമീർ കൊല്ലപ്പെട്ടിരുന്നു. സമീറിന്റെ കൂടെ സംഘം പിടികൂടിയ സുഹൃത്തിനെയും സംഘം മർദ്ദിച്ചിരുന്നുവെങ്കിലും പരിക്കേറ്റ അയാളെ വഴിയിലിറക്കിവിട്ടു.

പിടികൂടിയ പ്രതികൾക്കെതിരെ കുറ്റം തെളിയിക്കപ്പെടുകയും ക്രിമിനൽ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും വിധി നടപ്പിലാക്കാൻ രാജകീയ ഉത്തരവ് ലഭിക്കുകയും ചെയ്‌തതോടെയാണ് ശിക്ഷ നടപ്പിലാക്കിയത്.

STORY HIGHLIGHTS:In the case of killing a native of Koduvalli, five people, including a Malayali, were executed in Saudi Arabia

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker