Business

ഇന്ത്യയിൽ മുഴുവൻ സ്വർണത്തിന് ഏകീകൃത വില വരുന്നു

കൊച്ചി:സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്കും വ്യാപാരികള്‍ക്കും ഒരുപോലെ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് വിപണിയില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത വില.

കേരളത്തില്‍ പോലും ഓരോ കടയിലും ചിലപ്പോള്‍ ഓരോ വിലയായിരിക്കും. ഇത് വിപണിയിലെ കിടമത്സരങ്ങള്‍ക്കും വഴിവച്ചിരുന്നു.

എന്നാല്‍, ഇനി ആശങ്ക വേണ്ട. വിലയിലെ ഈ ‘കണ്‍ഫ്യൂഷൻ’ വൈകാതെ ഇല്ലാതായേക്കും. സ്വർണാഭരണങ്ങള്‍ക്ക് രാജ്യമെമ്ബാടും ഏകീകൃത വില ഉറപ്പാക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് അസോസിയേഷനുകള്‍.

എറണാകുളത്ത് ചേർന്ന ഓള്‍ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകള്‍ ആരംഭിച്ചത്. നിലവില്‍ മൂന്ന് ശതമാനം ജിഎസ്ടി, 12.5 ശതമാനം ഇറക്കുമതി തീരുവ, 2.5 ശതമാനം സെസ് എന്നിങ്ങനെ ദേശീയതലത്തില്‍ ഒറ്റ നികുതിയാണെങ്കിലും ഓരോ സംസ്ഥാനത്തും സ്വർണാഭരണങ്ങള്‍ക്ക് വ്യത്യസ്ത വിലയാണുള്ളത്.

ഭീമ ജുവലറി ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്‍റ്സ് അസോസിയേഷനാണ് (AKGSMA) കേരളത്തില്‍ കാലങ്ങളായി എല്ലാദിവസവും സ്വർണവില നിശ്ചയിക്കുന്നത്.

ഓരോ ദിവസത്തെയും ഡോളറിന്‍റെ മൂല്യം, രൂപയുടെ മൂല്യം, 24 കാരറ്റ് സ്വർണത്തിന്‍റെ ബാങ്ക് നിരക്ക്, മുംബൈ വിപണിയിലെ സ്വർണവില എന്നിവ അവലോകനം ചെയ്താണ് ഓരോ ദിവസവും വില നിർണയം.

ഡോ.ബി. ഗോവിന്ദന് പുറമേ എകെജിഎസ്‌എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ എസ്. അബ്ദുല്‍ നാസർ എന്നിവരാണ് വില നിർണയ സമിതിയിലുള്ളത്.

ഇടക്കാലത്ത് എകെജിഎസ്‌എംഎയ്ക്ക് പുറമേ, ജസ്റ്റിൻ പാലത്ര നയിക്കുന്ന ‘എകെജിഎസ്‌എംഎ’ എന്ന അസോസിയേഷനും വില നിർണയത്തിലേക്ക് കടന്നിരുന്നു. ഉദാഹരണത്തിന്, കഴിഞ്ഞ മാർച്ച്‌ 17ന് എകെജിഎസ്‌എംഎ നിശ്ചയിച്ച ഗ്രാം വില 6,060 രൂപയായിരുന്നു.

എന്നാല്‍, ജസ്റ്റിൻ പാലത്ര നയിക്കുന്ന എകെജിഎസ്‌എംഎ തീരുമാനിച്ച വിലയാകട്ടെ 6,025 രൂപയും. മറ്റ് ചില അസോസിയേഷനുകളും സ്വന്തം നിലയ്ക്ക് വില നിർണയത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

വില സംബന്ധിച്ച തർക്കങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാനും വിപണിയിലെ അനാരോഗ്യകരമായ പ്രവണതകള്‍ക്ക് തടയിടാനുമാണ് രാജ്യമെമ്ബാടും ഏകീകൃത വില നിശ്ചയിക്കാൻ അസോസിയേഷനുകള്‍ ഒരുങ്ങുന്നത്.


നിലവില്‍ എം.പി. അഹമ്മദ് നയിക്കുന്ന പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാർ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്‍റെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും സ്വർണത്തിന് ഒരേവിലയാണുള്ളത്. ഇതേ മാതൃകയാവും മറ്റ് ജുവലറികളും തുടരുക. അതോടെ, ഓരോ സംസ്ഥാനത്തും വ്യത്യസ്തവില എന്ന നിലവിലെ രീതി മാറും.

ഓള്‍ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ചെയർമാൻ സയ്യാം മെഹറ, വൈസ് ചെയർമാൻ രാജേഷ് റോക്കടെ, മുൻ ചെയർമാൻ നിതിൻ കണ്ടേല്‍വാള്‍, മലബാർ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി. അഹമ്മദ്, ഭീമ ജുവലറി ചെയർമാൻ ഡോ.ബി. ഗോവിന്ദൻ, കല്യാണ്‍ ജുവലേഴ്സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ, ചുങ്കത്ത് ജുവലറി മാനേജിങ് ഡയറക്ടർ രാജീവ് പോള്‍, ഹൈദരാബാദ് അസോസിയേഷൻ പ്രസിഡൻറ് അവിനാഷ് ഗുപ്ത, എകെജിഎസ്‌എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ എസ്. അബ്ദുല്‍ നാസർ തുടങ്ങിയവരാണ് യോഗത്തില്‍ സംബന്ധിച്ചത്.

ഏകീകൃത വില നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചയാണ് എറണാകുളത്ത് നടന്നത്. മുംബൈ വിപണിയിലെ വില അല്ലെങ്കില്‍ റിസർവ് ബാങ്ക് നിശ്ചയിക്കുന്ന ബാങ്ക് റേറ്റ്, ഇതിലേത് പിന്തുടരണം എന്നത് സംബന്ധിച്ചാണ് ചർച്ച.

സെപ്റ്റംബറില്‍ മുംബൈയില്‍ നടക്കുന്ന തുടർചർച്ചയില്‍ ഏകീകൃത വില നിർണയ സംവിധാനം സംബന്ധിച്ച്‌ അന്തിമ തീരുമാനമുണ്ടാകുമെന്ന് എകെജിഎസ്‌എംഎ സംസ്ഥാന ട്രഷറർ എസ്. അബ്ദുല്‍ നാസർ പറഞ്ഞു.

STORY HIGHLIGHTS:There is a uniform price for gold across India

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker