ഗുജ്റാത്ത്:പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്ദ്ധിക്കുന്നു.ഒരു വര്ഷത്തിനിടെ ഗുജറാത്തില് പാസ്പോര്ട്ട് സറണ്ടര് ചെയ്തവര് ഇരട്ടിയായി.
ഗുജറാത്തില് നിന്നും കാനഡയിലേക്ക് കുടിയേറുന്നവരുടെ എണ്ണം വര്ദ്ധിച്ചു വരുന്നതായി കണക്കുകള്. ഗുജറാത്ത് റീജിയണല് പാസ്പോര്ട്ട് ഓഫീസില് നിന്നുള്ള ഡാറ്റയനുസരിച്ച് ഗുജറാത്തികള് അവരുടെ ഇന്ത്യന് പാസ്പോര്ട്ടുകള് സറണ്ടര് ചെയ്യുന്നതില് ഗണ്യമായ വര്ദ്ധനവ് കാണിക്കുന്നു.
ദക്ഷിണ ഗുജറാത്ത് മേഖല ഒഴികെ സൂറത്ത്, നവസാരി, വല്സാദ്, നര്മ്മദ എന്നിവയുള്പ്പെടെയുള്ള സ്ഥലങ്ങളില് നിന്നും വ്യാപകമായി കുടിയേറ്റം നടക്കുന്നുണ്ട്. 2022ല് 241 പാസ്പോര്ട്ടുകളായിരുന്നു സറണ്ടര് ചെയ്തത്. 2023ല് 485 പാസ്പോര്ട്ടുകളായി അത് ഉയര്ന്നു. ഇരട്ടിയായാണ് ഉയര്ന്നത്. 2024 മെയ് ആയപ്പോഴേക്കും പാസ്പോര്ട്ട് സറണ്ടര് ചെയ്തവരുടെ എണ്ണം 244ല് എത്തിയിരിക്കുകയാണ്.
30-45 വയസ് പ്രായമുള്ള വ്യക്തികളുടെ പാസ്പോര്ട്ടുകളില് ഭൂരിഭാഗവും യുണൈറ്റഡ് സ്റ്റേറ്റ്സ്, യു.കെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില് സ്ഥിരതാമസമാക്കിയവരാണെന്ന് അധികൃതരും സമ്മതിക്കുന്നു. 2014-നും 2022-നും ഇടയില് ഗുജറാത്തില് നിന്നുള്ള 22,300 പേര് പൗരത്വം ഉപേക്ഷിച്ചുവെന്ന് പാര്ലമെന്ററി രേഖകള് വ്യക്തമാക്കുന്നുണ്ട്. ഇത് രാജ്യത്ത് ഏറ്റവും കൂടുതല്പേര് പൗരത്വം ഉപേക്ഷിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാക്കി ഗുജറാത്തിനെ മാറ്റി. 60,414 പേരാണ് ഡല്ഹിയില് പൗരത്വം ഉപേക്ഷിച്ചത്. തൊട്ടുപിന്നില് 28,117 പേരുമായി പഞ്ചാബാണ്. കോവിഡിന് ശേഷമുള്ള പാസ്പോര്ട്ട് സറണ്ടര് ചെയ്യലില് ഉണ്ടായ വര്ദ്ധനവ് ശ്രദ്ധേയമാണ്.
രണ്ട് വര്ഷത്തെ പകര്ച്ചവ്യാധി നിയന്ത്രണങ്ങള്ക്കു ശേഷം എംബസികള് വീണ്ടും തുറന്നതും, പൗരത്വ പ്രക്രിയകള് പുനരാരംഭിച്ചതും ഈ വര്ദ്ധനവില് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അഹമ്മദാബാദിലെ റീജിയണല് പാസ്പോര്ട്ട് ഓഫീസര് പറയുന്നു. നിരവധി ചെറുപ്പക്കാര് പഠനത്തിനായി വിദേശത്തേക്ക് പോവുകയും പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നു. അജ്ഞാതത്വം ഇഷ്ടപ്പെടുന്നവരാണ് ഇവരില് ഏറെയും. ഇത്തരം വിദ്യാര്ത്ഥികളുടെ എണ്ണം വര്ദ്ധിക്കുന്നത് പാസ്പോര്ട്ട് സറണ്ടറുകളുടെ വര്ദ്ധനവിന് കാരണമാകുന്നുണ്ടെന്നും ഉദ്യോഗസ്ഥര് പറയുന്നു.
നിക്ഷേപക വിസകളോടുള്ള മുന്ഗണന വര്ദ്ധിച്ചു വന്നിട്ടുണ്ടെന്നാണ് ഇന്വെസ്റ്റര് വിസ കണ്സള്ട്ടന്റ് ലളിത് അദ്വാനി പറയുന്നത്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്ക്കും ജീവിതനിലവാരത്തിനും വേണ്ടിയാണ് പല വ്യവസായികളും വിദേശത്തേക്ക് പോകുന്നത്. ഇന്ത്യയിലെ ഉയര്ന്ന ജീവിത നിലവാരമുള്ളവര് പോലും ഹരിത ഇടങ്ങളുടെ അഭാവം, മോശം ഡ്രൈവിംഗ് സാഹചര്യങ്ങള് തുടങ്ങിയ പ്രശ്നങ്ങള് കാരണം മാറാന് ആഗ്രഹിക്കുന്നു. അഹമ്മദാബാദ് ഉള്പ്പെടെയുള്ള ഗുജറാത്തിലെ നഗരങ്ങള് കാല്നടയാത്രയ്ക്ക് അനുയോജ്യമല്ല. വിദ്യാര്ത്ഥി, നേരിട്ടുള്ള കുടിയേറ്റം, ബിസിനസ് എന്നിങ്ങനെ മൂന്ന് വിസ വിഭാഗങ്ങളാണ് പ്രധാനമായും ഉള്ളതെന്ന് പാസ്പോര്ട്ട് കണ്സള്ട്ടന്റായ റിതേഷ് ദേശായി പറയുന്നു.
2012 മുതല്, വിദേശത്തേക്ക് പോകാന് ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണത്തില് വര്ദ്ധനവ് ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് 2013-2014ന് ശേഷം. വിദേശത്തേക്ക് മാറിയ കൂടുതല് ആളുകള്ക്ക് ഇപ്പോള് വിദേശ പൗരത്വം ലഭിക്കും. ഇതോടെപാസ്പോര്ട്ട് സറണ്ടര്മാരുടെ എണ്ണം 2028 ആകുമ്ബോള് ഗണ്യമായി വര്ദ്ധിക്കുമെന്നുറപ്പാണ്. ഓരോ രാജ്യത്തിനും അത്തരം വിസകള്ക്ക് ക്വാട്ട ഉള്ളതിനാല് ബിസിനസ്സ് വിസകള്ക്ക് അപേക്ഷിക്കുന്ന ആളുകളുടെ എണ്ണം വളരെ പരിമിതമാണ്. 2018 ല് EB5 വിസയ്ക്ക് അപേക്ഷിച്ച ഒരാള്ക്ക ഇപ്പോഴും വിസ ലഭിച്ചിട്ടില്ല.
ഇന്ത്യന് പൗരത്വം ഉപേക്ഷിക്കുകയും വിദേശ പൗരത്വം നേടുകയും ചെയ്യുന്നവര്ക്ക് സറണ്ടര് സര്ട്ടിഫിക്കറ്റ് നല്കും. പാസ്പോര്ട്ട് നിയമം 1967 അനുസരിച്ച്, ഇന്ത്യന് പാസ്പോര്ട്ട് ഉടമകള് വിദേശ പൗരത്വം നേടിയ ശേഷം അവരുടെ പാസ്പോര്ട്ട് സറണ്ടര് ചെയ്യണം. മൂന്നു വര്ഷത്തിനകം ചെയ്താല് പിഴയില്ല. മൂന്ന് വര്ഷത്തിന് ശേഷം 10,000 രൂപ മുതല് 50,000 രൂപ വരെ പിഴ ചുമത്താന് നിയമുണ്ടെന്നും പാസ്പോര്ട്ട് ഓഫീസ് അധികൃതര് പറയുന്നു.
STORY HIGHLIGHTS:The number of people giving up their citizenship is on the rise. The number of passport surrenderers in Gujarat has doubled in a year.