ഹൈറിച്ച്: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് വളര്‍ന്ന കഥ
ഹൈറിച്ച്: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് വളര്‍ന്ന കഥ
തട്ടിപ്പിന്റെ കോലം കാലത്തിനനുസരിച്ച് മാറുകയാണ്. ഓരോ കാലത്തേയും തട്ടിപ്പ് വിദഗ്ധര്‍ അതത് കാലത്തെ അവസരം മുതലെടുത്തിട്ടുണ്ട്. ഡിജിറ്റല്‍യുഗത്തില്‍ തട്ടിപ്പും ഡിജിറ്റലായെന്നതാണ് സത്യം.
കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഈയിടെ പുറത്ത് വന്ന ഹൈറിച്ച് തട്ടിപ്പ്. 1,63,000 ആളുകളില്‍ നിന്നായി 1630 കോടി തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലിസും എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തി വ്യക്തമാക്കിയിരുന്നു. നേരത്തേ കോടതിയില്‍ കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണിതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞിരുന്നു.
എന്നാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുറത്ത് വന്നപ്പോള്‍ കേരളത്തിൽ നിന്നും പുറത്ത് നിന്നുമായി ഹൈറിച്ച് കമ്പനി 3,141 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം നിയമസഭയില്‍ ടി.ജെ.വിനോദ് എംഎല്‍എയെ മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചിരുന്നു.
ഹൈറിച്ച് എന്താണ് ?
തുണിത്തരങ്ങളും പലചരക്ക് സാധനങ്ങളും വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി കച്ചവടം നടത്തുന്നവരുടെ എണ്ണം ധാരാളമാണ്. അങ്ങനെ തന്നെയായിരുന്നു ഹൈറിച്ചിന്റെയും തുടക്കം. പലചരക്ക് മുതല്‍ ക്രിപ്‌റ്റോ കറന്‍സിവരെ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രമുഖ ഇ കോമേഴ്‌സ് വെബ്‌സൈറ്റിലേക്ക് മാറുകയായിരുന്നു ഹൈറിച്ച്.
തൃശൂരിലെ കണിമംഗലത്തു നിന്ന് പ്രയാണം ആരംഭിക്കുന്ന കെ.ഡി പ്രതാപന്‍ സ്ഥാപകനായും ഭാര്യ ശ്രീനാ പ്രതാപന്‍ സഹസ്ഥാപകയും സ്ഥാപിതമായ ഹൈറിച്ച് കമ്പനിയുടെ വളര്‍ച്ചയും സ്ഥാപകരുടെ ചര്‍ച്ചയും ചാനലുകളും വ്‌ളോഗര്‍മാരും ജീവിതം വഴിമുട്ടിയ ജനങ്ങള്‍ക്കുള്ള വഴികാട്ടിയായി മോട്ടിവേഷന്‍ ടിപ്‌സായി നല്‍കി. ആത്മഹത്യാ മുനമ്പില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ദമ്പതികളുടെ ത്രസിപ്പിക്കുന്ന കഥ കേട്ട് പലര്‍ക്കും ഊര്‍ജ്ജം ലഭിച്ചിട്ടുണ്ടാകാം… പക്ഷെ, യഥാര്‍ഥ കഥ മറ്റൊന്നായിരുന്നു.
800 രൂപയില്‍ ബിസിനസ് തുടങ്ങാമെന്നായിരുന്നു ഹൈറിച്ച് വാഗ്ദാനം. പ്രസ്തുത എണ്ണൂറ് രൂപയ്ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ലഭിക്കും. അവര്‍ക്ക് പിന്നീട് രണ്ടുപേരെ ചേര്‍ക്കാം. ചെയിന്‍ വലുതാകുന്നതിനുസരിച്ച് കമ്മിഷനും ലഭിച്ചു തുടങ്ങും. ഇതിനൊപ്പം ഹൈറിച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് താന്‍ മുഖേന അംഗമായ താഴെയുള്ളവര്‍ ചരക്കുകള്‍ വാങ്ങുമ്പോള്‍ മുകളിലുള്ളയാള്‍ക്ക് കമ്മിഷനും ലഭിക്കും.
ആളുകളെ ആകര്‍ഷിക്കാന്‍ നിരവധി ഓഫറുകളാണ് കമ്പനി നല്‍കിയത്. ടൂര്‍ പാക്കേജ്, ബൈക്ക്, കാര്‍ ഫണ്ട്, വില്ല ഫണ്ട് , റോയല്‍റ്റി ക്യാഷ് റിവാര്‍ഡ് തുടങ്ങി പല വാഗ്ദാനങ്ങളും നിയമവിരുദ്ധമായി നല്‍കി ജനങ്ങളെ ആകര്‍ഷിച്ചു. കഥയറിയാത്ത പലരും പ്രമോട്ടര്‍മാരായി. ഇന്ത്യയിലാകെ 680 ഷോപ്പുകളും കേരളത്തില്‍ 78 ശാഖകളും ഉള്ള കേവലം മൂന്നു വര്‍ഷം കൊണ്ട് ഒരു കമ്പനിക്ക് എത്താന്‍ കഴിയാവുന്ന പരമാവധി വളര്‍ച്ചയില്‍ എത്തി നില്‍ക്കുന്ന സമയത്താണ് ആ വിവരങ്ങളെല്ലാം ഒന്നൊന്നായി മറനീക്കാന്‍ തുടങ്ങിയത്.
ഹൈറിച്ച് ജീവിതത്തന്റെ തുടക്കം
ഭര്‍ത്താവിന്റെ ധനകാര്യ സ്ഥാപനത്തിലെ പ്രതിസന്ധിയെ തുടര്‍ന്നാണ് കെ.ഡി പ്രതാപന്റെയും ശ്രീന പ്രതാപന്റെയും ഹൈറിച്ച് ജീവിതത്തിന്റെ തുടക്കം. കടം കയറി മുടിഞ്ഞ പ്രതാപന്റെ ട്രേഡിങ് കമ്പനി പൂട്ടുന്നു. വേറെയും പാര്‍ട്ട്ണര്‍മാര്‍ ഉണ്ടായിരുന്നു.
ഒന്നരക്കോടി രൂപയിലധികം കടക്കാരനായി കെ.ഡി പ്രതാപന്‍ ജീവിതം പ്രതിസന്ധിയിലായി നിന്നു. അപ്പോള്‍ ഭാര്യ ശ്രീന ഒരു ആര്‍കിടെക്ടായി സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. കടക്കാര്‍ ദിനേനെ വീട്ടില്‍ വന്ന് പ്രശ്‌നം ഉണ്ടാക്കാന്‍ തുടങ്ങി. ഒരു ഇന്റര്‍വ്യൂവില്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: പണം നല്‍കാനുള്ള ഒരാള്‍ വീട്ടില്‍ വന്നു പ്രശ്‌നം ഉണ്ടാക്കി. നല്‍കാന്‍ പണം ഒന്നും കൈയില്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ തന്റെ കഴുത്തിലെ മൂന്നരപ്പവന്റെ താലിമാലയിലായിരുന്നു അയാളുടെ കണ്ണ്. താലിമാല ആവശ്യപ്പെട്ടപ്പോള്‍ ശ്രീനക്ക് ഊരിക്കൊടുക്കുകയല്ലാതെ നിര്‍വാഹമില്ലായിരുന്നു. അതില്‍ ഉള്ള താലി മാത്രം ശ്രീന അയാളോട് തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. അരപ്പവന്‍ പോവില്ലേ. എന്ന് പറഞ്ഞ് അയാള്‍ അത് നല്‍കാതെ പോയി…. ഇത് ശ്രീനയെ വല്ലാതെ വേദനിപ്പിച്ചു. ആത്മഹത്യക്ക് തന്നെ തീരുമാനിച്ചു. അച്ഛന്റെ കണ്ണില്‍ പെട്ടതിനാല്‍ രക്ഷിച്ചു.
തുടര്‍ന്നങ്ങോട്ട് അച്ചന്റെ മേല്‍നോട്ടത്തില്‍ വീടുകള്‍ നിര്‍മിച്ച് ഒന്നരക്കോടിയുടെ കടം വീട്ടാനുള്ള പ്രയത്‌നമായിരുന്നു. തൃശൂരിലെ കണിമംഗലത്ത് 2016ല്‍ 150 സ്‌ക്വയര്‍ഫീറ്റില്‍ തുടങ്ങിയ ഹൈറിച്ച് പിന്നീട് വളരുകയായിരുന്നു. 1.50 കോടി ഉപഭോക്താക്കളുള്ള ഹൈറിച്ച് ഗ്രൂപ്പിന്റെ സിഇഒ. ആയി ശ്രീന വളരുന്നതില്‍ എത്തി ആ വളര്‍ച്ച.
പാവങ്ങളുടെ ഹൈറിച്ച്
ശ്രീന മാധ്യമങ്ങളുടെ ചാകരയായി മാറുകയായിരുന്നു ചാരിറ്റിക്കു വേണ്ടി ലാഭത്തിന്റെ നേര്‍പകുതി മാറ്റിവയ്ക്കുന്ന, അനവധിയാളുകള്‍ക്ക് ചികിത്സാ സഹായം, വൃക്കരോഗികള്‍ക്ക് ഡയാലിസിസ്, പാര്‍പ്പിടമില്ലാത്തവര്‍ക്ക് വീട്, പാവപ്പെട്ട പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാനുള്ള സഹായം, ഭിന്നശേഷിക്കാര്‍ക്കും വിധവകള്‍ക്കും ഒട്ടനവധി സഹായം…
ഒടുവില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമായി മദര്‍തെരേസ പുരസ്‌കാരം… ശ്രേഷ്ഠവനിതാ പുരസ്‌കാരം, യംഗസ്റ്റ് ബിസിനസ് വുമണ്‍ ഒഫ് ഇന്ത്യയുടെ ഇന്‍ഡോ അറബ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്, 2020ലെ മിസിസ് കേരള… എല്ലാം നേടി റിച്ച് ആയി വിലസുകയായിരുന്നു.
പുറത്ത് വരുന്നത് വന്‍ തട്ടിപ്പുകള്‍
1,63,000 ആളുകളില്‍ നിന്നായി 1630 കോടി തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലിസും എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തി വ്യക്തമാക്കിയിരുന്നു. നേരത്തേ കോടതിയില്‍ കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണിതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞിരുന്നു.
എന്നാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുറത്ത് വന്നപ്പോള്‍ കേരളത്തിന് പുറത്ത് നിന്നും ഹൈ റിച്ച് കമ്പനി 3,141 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. നേരത്തെ 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയത് പുറത്ത് വന്നതോടെ പ്രതാപനെ ജി.എസ്.ടി വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങി. ഈ സമയത്താണ് കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തു വന്നത് , ജി എസ് ടി ക്രമക്കേട് മാത്രമായിരുന്നു എന്നാണ് പ്രതാപനും ശ്രീനയും വാദിച്ചത്. അതിനിടെ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നപ്പോളാണ് ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് അടക്കം പുറത്ത് വന്നത്.
കമ്പനി എം.ഡി കെ.ഡി. പ്രതാപന്റെയും ഭാര്യ ശ്രീന പ്രതാപന്റെയും സ്വകാര്യ വാലറ്റുകളിലേക്ക് പണം മാറ്റി നിക്ഷേപിച്ചതിന്റെ രേഖകളും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും വിവിധ ഘട്ടങ്ങളിലായി ഇഡി നടത്തിയ റെയ്ഡില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.
എച്ച്. ആ.ര്‍ കോയിന്‍ എന്ന പേരില്‍ ഒരു കോയിന്‍ പുറത്തിറക്കി ഇതിലൂടെ നിക്ഷേപകരില്‍ നിന്ന് 1138 കോടി രൂപ സമാഹരിച്ചെന്നും ഇ.ഡി പുറത്തിറക്കിയ കണക്കുകള്‍ പറയുന്നു. എന്നാല്‍ ഇങ്ങനെ ഒരു കോയിന്‍ വഴി ഒരു എക്‌സ്‌ചേഞ്ചിലും ഇതുവരെ ഇടപാടുകള്‍ ഒന്നും നടന്നിട്ടില്ല.
എച്ച്.ആര്‍ കോയിന്‍ വഴി സമീപകാലത്ത് നടന്ന ഏറ്റവും വലിയ കള്ളപ്പണ ഇടപാടാണ് ഹൈറിച്ച് നടത്തിയതെന്നും ഇ.ഡി വിശദീകരിക്കുന്നു. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ നടക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും.
കെ.ഡി. പ്രതാപന്റെയും ഭാര്യ ശ്രീന പ്രതാപന്റെയും കൂട്ടാളികള്‍ ആരാണ് ? വഞ്ചിക്കപ്പെട്ടവര്‍ക്ക് നഷ്ടമായത് യഥാര്‍ത്ഥത്തില്‍ എത്ര കോടികള്‍ ? ഇനിയും കോടികള്‍ വര്‍ധിക്കുമോ ? ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ പരസ്യമായി ഇടപാട് നടന്നിട്ടും നിരീക്ഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്ത്‌കൊണ്ട് വൈകി ? ആരോക്കെയാണ് കെ.ഡി. പ്രതാപനെയും ഭാര്യ ശ്രീന പ്രതാപനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നത് ? കാത്തിരുന്ന് കാണാം; കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന്റെ നേര്‍ചിത്രങ്ങള്‍..
STORY HIGHLIGHTS:Heirich: The story of the biggest scam Kerala has ever seen