കാട്

കാട്
”കാട് വെട്ടിക്കൊടുക്കപ്പെടും.”
ബസിലിരിക്കെ കണ്ട
പരസ്യമാണ്”.
ഞാനോർത്തു,
മനസിനുള്ളിലാണ് കാട്.
തണുത്തുറഞ്ഞ,
ഇരുൾ തൂർന്ന
നിശബ്ദമായ കാട്.
എത്തിനോക്കുവാൻ
ഒരു പഴുതു പോലും തരാതെ
ചേർന്നമർന്നു നിൽക്കുന്ന
അനേകമനേകം മരങ്ങൾ…
കെട്ടിപ്പിണഞ്ഞു കിടക്കുന്ന
പടർപ്പുകൾ…
വെളിച്ചമേറ്റാൽ
മരിച്ചുപോയേക്കാവുന്ന എന്തോ
ഉള്ളിലുണ്ടാവണം.
സൂര്യനില്ലാത്ത
ആകാശത്തിനുമപ്പുറത്തേക്കാണ്
കാടിന്റെ ഉയരം.
എപ്പോഴാണിതൊക്കെയും
ഇത്രയും വളർന്നത്!?
വലുതാവലിന്റെ പല മുഖങ്ങളിൽ
വേദനകൾ വിതച്ച വിത്തുകൾ,
ഒഴുക്ക് നിഷേധിക്കപ്പെട്ട കണ്ണീരുമായി
യോജിപ്പിലെത്തിയത്
അറിഞ്ഞിരുന്നില്ല.
എന്നോ ഒരിക്കൽ കരുതിയത് പോലെ
നിലച്ചതായിരുന്നില്ല, കണ്ണീർ.
നിലക്കാത്ത പ്രവാഹമായി
കാടിന്റെ സിരകളിലൂറുകയായിരുന്നു.
ഈ കാടാണ്
വെട്ടേണ്ടത്.
നേർത്ത സ്നേഹത്തിന്റെ
കോടാലി മുന തരുന്ന
ഒരിറ്റു വെളിച്ചത്തിന്റെ നൂൽപന്തവുമായി
ചെന്നുനോക്കിയാൽ, ചിലപ്പോൾ,
ഉള്ളിലൊരു ഗുഹയ്ക്കകത്ത്,
പേടിച്ചരണ്ടയൊരു പെൺകുട്ടിയായിരിക്കാം;
കള്ളിമുള്ളുകൾ ഊറ്റിയെടുത്ത ചോരയുടെ
മണം മാത്രം ബാക്കിയുള്ള,
വെളിച്ചമേറ്റാൽ മരിച്ചുപോയേക്കാവുന്ന,
കാണാൻ എന്നെപ്പോലെ തന്നെയുള്ള
ഒരു പെൺകുട്ടി…
ചിലപ്പോൾ, ചിലപ്പോൾ മാത്രം…

STORY HIGHLIGHTS:forest is written by Anshira Kanavath Vadakara