ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ ഫൈനലില്
ടി20 ലോകകപ്പ്; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ ഫൈനലില്, ജയം 68 റണ്സിന്, രോഹിതിന് അർദ്ധ സെഞ്ച്വറി
ഗയാന:രണ്ട് വര്ഷം മുമ്പ് അഡ്ലെയ്ഡില് ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് തോല്വിയറിഞ്ഞതിന്റെ സങ്കടം തീര്ത്ത് ഇന്ത്യ. വെസ്റ്റ്ഇന്ഡീസിലെ ഗയാനയില് മഴ മാറി നിന്നപ്പോള് രൗദ്രഭാവം പുറത്തെടുത്ത ഇന്ത്യന് ബോളര്മാര് ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ നിലംപരിശാക്കി ടി20 ലോക കപ്പിന്റെ ഫൈനലില് പ്രവേശിച്ചു. 68 റണ്സിനാണ് ഇന്ത്യയുടെ വിജയം. ശനിയാഴ്ച നടക്കുന്ന ഫൈനലില് ഇന്ത്യ, ദക്ഷിണാഫ്രിക്കയെ നേരിടും. ടൂര്ണമെന്റില് ഒരു മത്സരം പോലും തോല്ക്കാതെയാണ് ഇന്ത്യയുടെ ഫൈനല് പ്രവേശനം.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന് രോഹിത് ശര്മയുടെയും 57(39) സൂര്യകുമാര് യാദവിന്റെയും 47(36) ഇന്നിങ്സ് മികവില് ഏഴിന് 171 റണ്സെടുത്തു. വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനെ 16.4 ഓവറില് 103 റണ്സിന് ഓള് ഔട്ട് ആക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുല്ദീപ് യാദവും അക്ഷര് പട്ടേലുമാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നട്ടെല്ല് തകര്ത്തത്. ബുംറക്ക് രണ്ടു വിക്കറ്റുണ്ട്.
STORY HIGHLIGHTS:T20 World Cup: India beat England in the final