ഡൽഹി: കേരളത്തിൽ നിന്നുള്ള എംപിമാർ ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടെം സ്പീക്കർ ഭർതൃഹരി സത്യവാചകം ചൊല്ലിക്കൊടുത്തു. കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ആരംഭിച്ചു. പിന്നാലെ കണ്ണൂർ എംപി കെ സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു. വടകര എംപി ഷാഫി പറമ്പിൽ ഭരണഘടന ഉയർത്തിപ്പിടിച്ച് ഇംഗ്ലീഷിൽ ദൃഢപ്രതിജ്ഞ ചെയ്തു.
തുടർന്ന് എം കെ രാഘവൻ, ഇ ടി മുഹമ്മദ് ബഷീർ, എം പി അബ്ദുസമദ് സമദാനി, വി കെ ശ്രീകണ്ഠൻ, കെ രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, കെ സി വേണുഗോപാൽ, ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ്, എൻ കെ പ്രേമചന്ദ്രൻ, അടൂർ പ്രകാശ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.
എറണാകുളം എംപി ഹൈബി ഈഡൻ ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കെ രാധാകൃഷ്ണൻ മലയാളത്തിൽ ദൃഢപ്രതിജ്ഞ ചെയ്തു. എൻ കെ പ്രേമചന്ദ്രൻ ഇംഗ്ലീഷിൽ ദൃഢപ്രതിജ്ഞ ചെയ്തു. ഡീൻ കുര്യാക്കോmd, വി കെ ശ്രീകണ്ഠൻ, കെ സി വേണുഗോപാൽ തുടങ്ങിയവർ ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം എംപി ശശി തരൂർ സ്ഥലത്തില്ലാത്തതിനാൽ മറ്റൊരു ദിവസം സത്യപ്രതിജ്ഞ ചെയ്യും.
പ്രോ ടെം പാനലിൽ സത്യപ്രതിജ്ഞ ചെയ്യാനില്ലെന്ന് രാവിലെത്തന്നെ വ്യക്തമാക്കിയ കൊടിക്കുന്നിൽ കേരളത്തിലെ മറ്റ് എംപിമാർക്കൊപ്പമാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രോ ടെം സ്പീക്കറുടെ പാനലിൽ നിന്ന് ഇൻഡ്യ സഖ്യം പിൻമാറുകയായിരുന്നു. കൊടിക്കുന്നിൽ സുരേഷിനെ പ്രോ ടെം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് തീരുമാനം.
STORY HIGHLIGHTS:Kerala MPs upholding the constitution; Oath in Lok Sabha