Business

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിൽ മികച്ച വര്‍ധനയെന്ന് കണക്കുകള്‍.

ആഗോളതലത്തില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷവും പണപ്പെരുപ്പവും ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ അലയടിച്ചിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിലുണ്ടായത് മികച്ച വര്‍ധനയെന്ന് കണക്കുകള്‍.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഒഴുക്കിയ നിക്ഷേപം 2.08 ലക്ഷം കോടി രൂപയാണ്. 1.2 ലക്ഷം കോടി രൂപയുടെ ഇന്ത്യന്‍ കടപ്പത്രങ്ങളും അവര്‍ വാങ്ങി.

മൂലധന വിപണിയിലേക്ക് ആകെ എത്തിയ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപമാകട്ടെ 3.4 ലക്ഷം കോടി രൂപയും. തൊട്ടുമുമ്പത്തെ വര്‍ഷം (2022-23) ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് 37,632 കോടി രൂപ പിന്‍വലിച്ചശേഷമാണ് കഴിഞ്ഞവര്‍ഷം വിദേശ നിക്ഷേപകര്‍ ഉഷാറോടെ തിരികെവന്നത്.

2021-22ല്‍ അവര്‍ 1.4 ലക്ഷം കോടി രൂപയും പിന്‍വലിച്ചിരുന്നു. 2020-21ല്‍ 2.74 ലക്ഷം കോടി രൂപ നിക്ഷേപമൊഴുക്കിയ ശേഷമായിരുന്നു തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങളില്‍ നിക്ഷേപം വന്‍തോതില്‍ പിന്‍വലിച്ചത്. മികച്ച തിരിച്ചുവരവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ നടത്തിയെങ്കിലും ഇന്ത്യന്‍ ഓഹരികളിലെ അവരുടെ നിക്ഷേപ പങ്കാളിത്തം പക്ഷേ, ദശാബ്ദത്തിലെ താഴ്ചയിലാണുള്ളത്.

ഇന്ത്യന്‍ ഓഹരികളുടെ മൊത്തം വിപണിമൂല്യത്തില്‍ 16.2 ശതമാനമേയുള്ളൂ വിദേശ നിക്ഷേപം. അമേരിക്കയിലെ പണപ്പെരുപ്പവും അടിസ്ഥാന പലിശനിരക്ക് പരിഷ്‌കരണം സംബന്ധിച്ച ആശങ്കകളും മൂലം ഐ.ടി ഓഹരികളില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചതാണ് മൊത്തം നിക്ഷേപ പങ്കാളിത്തത്തെ ബാധിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. ധനകാര്യ ഓഹരികളിലും വിറ്റൊഴിയല്‍ സമ്മര്‍ദ്ദമുണ്ടായി.

STORY HIGHLIGHTS:Figures show a good increase in foreign investment into India last financial year.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker