റീറ്റെയ്ല് രംഗം വലിയൊരു കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു.
ഇന്ത്യന് റീറ്റെയ്ല് രംഗം വലിയൊരു കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു. അടുത്ത പത്ത് വര്ഷത്തിനുള്ളില് രാജ്യത്തെ റീറ്റെയ്ല് രംഗത്തിന്റെ വലുപ്പം രണ്ട് ട്രില്യണ് ഡോളറിലെത്താനുള്ള സാഹചര്യമുണ്ടെന്ന് ബോസ്റ്റണ് കണ്സള്ട്ടിംഗ് ഗ്രൂപ്പും റീറ്റെയ്ലേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയും ചേര്ന്ന് പുറത്തിറക്കിയ റിപ്പോര്ട്ടില് പറയുന്നു.
നിലവില് 830 ബില്യണ് ഡോളര് വലുപ്പമുള്ള റീറ്റെയ്ല് രംഗം അടുത്ത ഒരു ദശാബ്ദത്തില് 9-10 ശതമാനം നിരക്കില് വളരുമെന്നാണ് പ്രതീക്ഷ. നിലവില് റീറ്റെയ്ല് രംഗം, പ്രത്യേകിച്ച് ഫാഷന്, ഇലക്ട്രോണിക്സ്, ഗ്രോസറി, എഫ്.എം.സി.ജി, മെഡിക്കല് ഗുഡ്സ്, ക്വിക് സര്വീസ് റെസ്റ്റൊറന്റ്സ് തുടങ്ങിയ മേഖലകളിലെ വില്പ്പനയില് വേഗതക്കുറവ് പ്രകടിപ്പിക്കുന്നുണ്ട്.
നൈറ്റ് ഫ്രാങ്കിന്റെ പഠനം പറയുന്നത്, 2023നും 2028നുമിടയില് ഇന്ത്യയില് 30 മില്യണ് ഡോളറിലേറെ ആസ്തിയുള്ള അതിസമ്പന്നരുടെ എണ്ണത്തില് ലോകത്തിലെ മറ്റേതൊരു രാജ്യത്തിലേതിനേക്കാള് കൂടുതല് വളര്ച്ചയുണ്ടാകുമെന്നാണ്.
ഇത് റീറ്റെയ്ലേഴ്സിന് മുന്നില് വലിയൊരു സാധ്യത തുറന്നിടും. ഉയരുന്ന അവസരങ്ങള് ഉപയോഗപ്പെടുത്താന് റീറ്റെയ്ല് രംഗത്തുള്ളവര് മൂല്യവര്ധനയ്ക്കായി അഞ്ച് കാര്യങ്ങള് ചെയ്യണമെന്നാണ് ബി.സി.ജി റിപ്പോര്ട്ട് അടിവരയിട്ട് പറയുന്നത്.
ബിസിനസ് മോഡല് പുനര്നിര്വചിക്കുക, ഉപഭോക്താക്കള്ക്ക് വ്യക്തിഗത അനുഭവങ്ങള് പകരാന് ഡിജിറ്റല്, എ.ഐ സാങ്കേതികവിദ്യകള് അനുയോജ്യമായ വിധത്തില് ഉള്ക്കൊള്ളിക്കുക, എ.ഐ ഉപയോഗിച്ച് വാല്യു ചെയ്ന് പരമാവധി ഉപയോഗപ്രദമാക്കുക, തന്ത്രപരമായ പങ്കാളിത്തങ്ങളില് ഏര്പ്പെടുക, രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കള്ക്ക് ഏറ്റവും മികച്ച രീതിയില് സേവനം നല്കാനായി പ്രാദേശികവത്കരണ തന്ത്രങ്ങള് സ്വാംശീകരിക്കുക എന്നിവയാണത്.
STORY HIGHLIGHTS:The Indian retail scene is poised for a major boom.