കാസർകോട്: റിയാസ് മൗലവി വധത്തിൽ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും ഗുരുതരമായ വീഴ്ചപറ്റിയെന്ന് വിധിന്യായം. തെളിവെടുപ്പിലും തെളിവുശേഖരണത്തിലും അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന് വിധിന്യായത്തിൽ പറയുന്നു. കൊലയുടെ ഉദ്ദേശ്യം സ്ഥാപിക്കാൻ പ്രോസിക്യൂഷനായില്ല. വസ്ത്രത്തിൽ പുരണ്ട രക്തക്കറയുടെ ഡി.എൻ.എ പരിശോധന നടത്തിയില്ല, അന്വേഷണം ഏകപക്ഷീയമായിരുന്നെന്നും വിധിന്യായത്തിൽ പറയുന്നു.
മുറിയിൽനിന്ന് കണ്ടെടുത്ത ഫോണും മെമ്മറി കാർഡുകളും പരിശോധിച്ചില്ല. ഇത് സംശയം ജനിപ്പിക്കുന്നതെന്ന് വിധിപ്പകർപ്പിൽ നിരീക്ഷിക്കുന്നു. മരണത്തിന് മുൻപ് റിയാസ് മൗലവി ഇടപഴകിയവരെ കണ്ടെത്തിയില്ല. അതിനുള്ള അവസരം അന്വേഷണസംഘം നഷ്ടപ്പെടുത്തിയെന്നും കോടതി പറയുന്നു.
കാസർകോട് മുഹമ്മദ് റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയുമാണ് വെറുതെ വിട്ടത്. കാസർകോട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ. ബാലകൃഷ്ണൻ.
ആർ.എസ്.എസ് പ്രവർത്തകരായ കേളുഗുഡെയിലെ അജേഷ് എന്ന അപ്പു, നിതിൻകുമാർ, കേളുഗുഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖിൽ എന്നിവരാണ് കേസിലെ പ്രതികൾ. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാൽ പ്രതികൾ ഏഴുവർഷക്കാലമായി ജയിലിൽ തന്നെയാണ്.
പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാർച്ച് 20-നാണ് പ്രതികൾ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന മൂന്നാം ദിവസം തന്നെ പൊലീസ് പ്രതികളെ പിടികൂടിയിരുന്നു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ എ.ശ്രീനിവാസൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. സാമുദായിക സംഘർഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.
STORY HIGHLIGHTS:Riyaz Moulavi’s murder case; Verdict that both the prosecution and the investigating officer have failed