IndiaNews

ജയിലില്‍നിന്ന് കൊലക്കേസ് പ്രതിയുടെ ലൈവ് വീഡിയോ.

ജയിലില്‍നിന്ന് കൊലക്കേസ് പ്രതിയുടെ ലൈവ് വീഡിയോ ‘ഞാൻ സ്വർഗത്തിലാണ്’, ജയിലിൽനിന്ന് കൊലക്കേസ് പ്രതിയുടെ ലൈവ് വീഡിയോ; ഉദ്യോഗസ്ഥർക്കെതിരേ നടപടി

ഉത്തർപ്രദേശില്‍ ജയിലില്‍നിന്ന് കൊലക്കേസ് പ്രതിയുടെ ലൈവ് വീഡിയോ. ബരേലി സെൻട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന കൊലക്കേസ് പ്രതി ആസിഫ് ഖാനാണ് ജയിലില്‍നിന്ന് സാമൂഹിക മാധ്യത്തില്‍ ലൈവ് സ്ട്രീമിങ് നടത്തിയത്.

സംഭവം വിവാദമായതോടെ ബരേലി സെൻട്രല്‍ ജയിലിലെ ഡെപ്യൂട്ടി ജയിലറെ ലഖ്നൗവിലെ ജയില്‍ ആസ്ഥാനത്തേക്ക് സ്ഥലംമാറ്റി. മൂന്ന് ജയില്‍ വാർഡന്മാരെ സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിലാണ് ആസിഫ് ഖാന്റെ ജയിലില്‍നിന്നുള്ള വീഡിയോ സാമൂഹിക മാധ്യമത്തില്‍ വൈറലായത്. ജയിലില്‍നിന്ന് സുഹൃത്തുക്കള്‍ക്കായി ലൈവ് സ്ട്രീമിങ് നടത്തിയ പ്രതി, താൻ സ്വർഗത്തിലാണെന്നും ഇവിടെ ജീവിതം ആസ്വദിക്കുകയാണെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു. ഉടൻതന്നെ ജയിലില്‍നിന്ന് പുറത്തിറങ്ങുമെന്നും ഇയാള്‍ വീഡിയോയില്‍ അവകാശപ്പെടുന്നുണ്ട്.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ബരേലി എസ്.പി. രാഹുല്‍ ഭാട്ടി ജയിലില്‍ നേരിട്ടെത്തി അന്വേഷണം ആരംഭിച്ചു. എന്നാല്‍, ജയിലില്‍ പരിശോധന നടത്തിയെങ്കിലും ലൈവ് സ്ട്രീമിങ്ങിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനായില്ലെന്നാണ് റിപ്പോർട്ട്. പി.ഡബ്ല്യൂ.ഡി. കരാറുകാരനായ രാകേഷ് യാദവിനെ കൊലപ്പെടുത്തിയ കേസിലാണ് ആസിഫ് ഖാനെ ജയിലിലടച്ചിരുന്നത്. 2019 ഡിസംബർ രണ്ടിന് ഷാജഹാൻപുരിലായിരുന്നു കൊലപാതകം.

ആസിഫ് ഖാനും കൂട്ടാളിയായ രാഹുല്‍ ചൗധരിയും ചേർന്നാണ് കൃത്യം നടത്തിയത്. കേസില്‍ പിടിയിലായ ഇരുവരെയും ആദ്യം ഷാജഹാൻപുരിലെ ജില്ലാ ജയിലിലാണ് തടവില്‍ പാർപ്പിച്ചിരുന്നത്. എന്നാല്‍, പ്രതികള്‍ക്ക് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നതായി ആരോപിച്ച്‌ കൊല്ലപ്പെട്ട രാകേഷിന്റെ സഹോദരൻ പരാതി നല്‍കി. ഇതോടെയാണ് രണ്ടു പേരെയും ബരേലി സെൻട്രല്‍ ജയിലിലേക്ക് മാറ്റിയത്. എന്നാല്‍, ബരേലി സെൻട്രല്‍ ജയിലില്‍നിന്ന് പ്രതിയുടെ ലൈവ് സ്ട്രീമിങ് വന്നതോടെ ജയില്‍ ഉദ്യോഗസ്ഥർക്കെതിരേ വീണ്ടും പരാതി ഉയരുകയാണ്. ലൈവ് വീഡിയോ പുറത്തുവന്നതോടെ ആസിഫ് ഖാനെ അതിസുരക്ഷാ സെല്ലിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രാകേഷിന്റെ സഹോദരൻ ജില്ലാ മജിസ്ട്രേറ്റിന് പരാതി നല്‍കി.

STORY HIGHLIGHTS:Live video of murder accused from jail.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker