പുതിയ മാറ്റങ്ങളുമായി ആമസോണ്‍ എത്തുന്നു.
ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് ആധിപത്യം ഉറപ്പിക്കാന്‍ പുതിയ മാറ്റങ്ങളുമായി ആമസോണ്‍ എത്തുന്നു.
ബ്രാന്‍ഡഡ് അല്ലാത്ത ഉല്‍പ്പന്നങ്ങളെ ഒരു കുടക്കീഴില്‍ എത്തിക്കാനാണ് ആമസോണില്‍ തീരുമാനം. ഇതിനായി ആമസോണ്‍ ബസാര്‍ എന്ന പേരില്‍ പുതിയ ഷോപ്പിംഗ് വിഭാഗം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ഓണ്‍ലൈന്‍ മുഖാന്തരം വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന സാഹചര്യത്തിലാണ് ആമസോണിന്റെ പുതിയ നീക്കം. ആമസോണ്‍ ബസാറില്‍ 600 രൂപയില്‍ താഴെ വിലയുള്ള വസ്ത്രങ്ങള്‍, വാച്ചുകള്‍, ഷൂ, ആഭരണങ്ങള്‍, ലഗേജുകള്‍ എന്നിവ ലഭ്യമാകും.
കുറഞ്ഞ വിലയുള്ള സാധനങ്ങള്‍ വില്‍ക്കുന്നവരുടെ ഓണ്‍ബോര്‍ഡിംഗ് പ്രക്രിയ ആമസോണ്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍, ബ്രാന്‍ഡ് ചെയ്യപ്പെടാത്ത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ മുന്‍പന്തിയിലുള്ളത് മീഷോ, ഷോപ്സി എന്നീ പ്ലാറ്റ്ഫോമുകളാണ്.
ഇവയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലാണ് ആമസോണ്‍ ബസാറിന്റെ കടന്നുവരവ്. ഇന്ത്യന്‍ വിപണിയിലെ മികച്ച വളര്‍ച്ചാ സാധ്യത മുന്നില്‍ക്കണ്ടാണ് ആമസോണ്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. 2023 ഡിസംബറില്‍ ആമസോണ്‍ ഇന്ത്യയ്ക്ക് 13 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.
STORY HIGHLIGHTS:Amazon comes with new changes.