കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളിൽ തീരുമാനം. യു.ഡി.എഫിൽ ലീഗിന് അനുവദിച്ച രണ്ടു സീറ്റുകളിൽ നിലവിലെ എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീറും അബ്ദുസമ്മദ് സമദാനിയും മത്സരിക്കും. എന്നാൽ, ഇരുവരുടേയും മണ്ഡലങ്ങളിൽ മാറ്റമുണ്ടാവുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അന്തിമ പ്രഖ്യാപനം അധികം വൈകാതെ തന്നെ ഉണ്ടായേക്കുമെന്നും അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
നിലവിൽ മലപ്പുറം എം.പിയാണ് അബ്ദുസമദ് സമദാനി. ഇത്തവണ അദ്ദേഹം പൊന്നാനിയിൽ മത്സരിക്കും. പൊന്നാനി എം.പിയായ ഇ.ടി. മുഹമ്മദ് ബഷീർ മലപ്പുറത്തായിരിക്കും ജനവിധി തേടുക. ഇ.ടി. മുഹമ്മദ് ബഷീർ മലപ്പുറത്ത് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.
അതേസമയം, ലീഗിന് ഇത്തവണയും ലോക്സഭയിലേക്ക് മൂന്നാം സീറ്റ് ലഭിക്കില്ല. പകരം രാജ്യസഭയിൽ രണ്ടാം സീറ്റ് നൽകാനാണ് യു.ഡി.എഫിലെ ധാരണയെന്നാണ് വിവരം. ജൂണിൽ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ യു.ഡി.എഫിന് വിജയിക്കാൻ സാധിക്കും. ഇത് ലീഗിന് നൽകിയേക്കും. നിലവിൽ പി.വി. അബ്ദുൾവഹാബാണ് ലീഗിൻ്റെ രാജ്യസഭാംഗം.
മൂന്നാം സീറ്റ് ചർച്ചകൾ വഴിമുട്ടിയിട്ടില്ലന്ന് പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അതിൽ ചർച്ചകൾ നടക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായും സാദിഖലി തങ്ങളുമായും ഫോൺ വഴി ചർച്ച നടത്തിയിട്ടുണ്ട്. യു.ഡി.എഫ് യോഗ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും. പ്രധാന പാർട്ടികൾ ഒന്നും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ല. മൂന്നാം സീറ്റിൻ്റെ കാര്യം ഇടക്കിടെ പറയേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിലവിൽ കൊല്ലത്തും കോട്ടയത്തും യു.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഫ്രാൻസിസ് ജോർജാണ് കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാർഥി. കൊല്ലത്ത് ആർ.എസ്.പിയുടെ സിറ്റിങ് എം.പി. എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ്. ടിക്കറ്റിൽ വീണ്ടും ജനവിധി തേടും.
STORY HIGHLIGHTS:League has no third seat, E.T.
Abdus Samad Samadani and candidates