ഇന്ത്യൻ കമ്പനികള്‍ക്ക് ഇനി വിദേശത്തുനിന്നും മൂലധനം സമാഹരിക്കാം
ഡൽഹി :GIFT സിറ്റിയുടെ എക്‌സ്‌ചേഞ്ചുകളില്‍ ഇന്ത്യൻ കമ്ബനികളുടെ ഓഹരികള്‍ നേരിട്ട് ലിസ്‌റ്റുചെയ്യുന്നതിന് ഇന്ത്യ അനുമതി നല്‍കി.
ഇതിലൂടെ ഇന്ത്യൻ കമ്ബനികള്‍ക്ക് ആഗോള ഫണ്ടുകള്‍ എളുപ്പത്തില്‍ ലഭിക്കാൻ സൗകര്യമുണ്ടാകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
ഗിഫ്റ്റ് സിറ്റി എക്‌സ്‌ചേഞ്ചുകളില്‍ ഇന്ത്യൻ കമ്ബനികളുടെ ഓഹരികള്‍ നേരിട്ട് ലിസ്‌റ്റുചെയ്യുന്നത് അവരെ വിദേശ ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യാൻ അനുവദിക്കുന്നതിനുള്ള ആദ്യപടിയാണ്.
ഇതുവരെ, ഇന്ത്യൻ കമ്ബനികള്‍ക്ക് നേരിട്ട് വിദേശ വിപണികളില്‍ ലിസ്റ്റ് ചെയ്യാൻ അനുവാദമില്ല. ഇന്ത്യൻ കമ്ബനികള്‍ക്ക്, പ്രത്യേകിച്ച് സ്റ്റാർട്ടപ്പുകള്‍ക്കും സണ്‍റൈസ്, ടെക്നോളജി മേഖലകളിലെ കമ്ബനികള്‍ക്കും, ആഭ്യന്തര മൂലധനം സമാഹരിക്കുന്നതിന് പുറമെ ആഗോള മൂലധനം ലഭിക്കുന്നതിനുള്ള ഒരു ബദല്‍ മാർഗ്ഗം ഇതിലൂടെ തുറക്കുമെന്നും ധനമന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു.
ഇന്ത്യയെ പോലെ വളരുന്ന ഒരു സമ്ബദ് വ്യവസ്ഥയില്‍ നിക്ഷേപിക്കാൻ താല്‍പ്പര്യമുള്ള വിദേശികള്‍ക്കും ഇനി ഇവിടെ നിക്ഷേപിക്കാൻ എളുപ്പമാകും.
ബിസിനസ് ഇക്കോ സിസ്റ്റം
ആഗോള സാമ്ബത്തിക, സാങ്കേതിക ഹബ്ബായി മാറുക എന്ന കാഴ്ചപ്പാടോടെ, ബിസിനസുകളെ പിന്തുണയ്ക്കുന്നതിനും വളർത്തുന്നതിനും വേണ്ടിയുള്ള സാമ്ബത്തിക സൗകര്യങ്ങള്‍ കൊണ്ടുവരാനാണ് ഗുജറാത്തില്‍ ഗിഫ്റ്റ് സിറ്റി ഉണ്ടാക്കിയിരിക്കുന്നത്.
ലോകത്തിലെ പ്രമുഖ ആഗോള ധനകാര്യ കേന്ദ്രങ്ങളോട് കിടപിടിക്കുന്ന തരത്തില്‍ അനുയോജ്യമായ ബിസിനസ് ഇക്കോ സിസ്റ്റം നല്‍കാനുള്ള എല്ലാ സൗകര്യങ്ങളും ഗിഫ്റ്റ് സിറ്റിയില്‍ ഒരുക്കിയിട്ടുണ്ട്.
2023 ജൂലൈയില്‍ ചില പൊതു കമ്ബനികളെ നേരിട്ട് വിദേശ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാൻ ഇന്ത്യ അനുവദിച്ചിരുന്നു. ലിസ്റ്റ് ചെയ്യപ്പെടാത്ത ഇന്ത്യൻ കമ്ബനികള്‍ക്ക് അവരുടെ ഓഹരികള്‍ ഒരു രാജ്യാന്തര എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാൻ ഗിഫ്റ്റ് സിറ്റി വഴി സാധിക്കും.
സെബി, ഇത്തരം കമ്ബനികള്‍ക്കുള്ള പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങള്‍ അധികം താമസിക്കാതെ കൊണ്ടുവരും.
STORY HIGHLIGHTS:Indian companies can now raise capital from abroad