കണക്കുകള് പൂര്ണമായി പുറത്തുവിട്ട് പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസ്
2021-2022 സാമ്പത്തിക വര്ഷത്തിലെ കണക്കുകള് പൂര്ണമായി പുറത്തുവിട്ട് പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസ്.
കമ്പനിയുടെ സംയോജിത വരുമാനം 2020-21 സാമ്പത്തിക വര്ഷത്തെ 2,428 കോടി രൂപയില് നിന്ന് 118 ശതമാനം വര്ധിച്ച് 5,298 കോടി രൂപയായി. എന്നാല് നഷ്ടം 4,564 കോടി രൂപയില് നിന്ന് 8,245 കോടി രൂപയായി വര്ധിച്ചു. ഇതിനു മുമ്പ് 2023 നവംബറില് ബൈജൂസ് ഭാഗികമായ പ്രവര്ത്തനഫലം പുറത്തു വിട്ടിരുന്നു.
അതുപ്രകാരം പ്രധാന ബിസിനസിന്റെ ഏകീകൃത വരുമാനം 3,569 കോടി രൂപയായി ഉയര്ന്നപ്പോള് നികുതി, പലിശ തുടങ്ങിയ ബാധ്യതകള്ക്ക് ശേഷമുള്ള നഷ്ടം 2,253 കോടി രൂപയാണ്. വരുമാനം നാല് മടങ്ങ് വര്ധിച്ച് 10,000 കോടി രൂപയായെന്നായിരുന്നു നേരത്തെ ബൈജൂസ് പറഞ്ഞിരുന്നത്.
അതാണ് ഇപ്പോള് 5,298 കോടി രൂപയെന്ന് തെളിഞ്ഞിരിക്കുന്നത്. നഷ്ടം കുമിഞ്ഞു കൂടിയതോടെ ബൈജൂസിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതല് രൂക്ഷമാണെന്നത് വ്യക്തമായി. സാമ്പത്തിക പ്രശ്നങ്ങള് പരിഹരിക്കാന് നിലവിലുള്ള നിക്ഷേപകരില് നിന്ന് 10 കോടി ഡോളര് (ഏകദേശം 830 കോടി രൂപ) വായ്പയെടുക്കാന് ബൈജൂസ് ശ്രമം നടത്തുന്നുണ്ട്. കമ്പനിയുടെ മൂല്യം വെറും 200 കോടി ഡോളര് (ഏകദേശം 16,000 കോടി രൂപ) കണക്കാക്കിയാകും ഫണ്ടിംഗ് നേടുകയെന്നാണ് അറിയുന്നത്. അതായത് 90 ശതമാനത്തോളം കുറവ്. 2022ന്റെ അവസാനം വരെ 2200 കോടി ഡോളര് (ഏകദേശം 1.82ലക്ഷം കോടി രൂപ) മൂല്യം കണക്കാക്കിയിരുന്ന കമ്പനിയാണ് ബൈജൂസ്.
STORY HIGHLIGHTS:Byjuz, a leading edtech firm, has released the figures in full