ഇറാന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി നേരിട്ടതായി ഇറാൻ.
എങ്കിലും ചില സ്ഥലങ്ങളില്‍ പരിമിതമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായും ഇറാൻ എയർ ഡിഫൻസ് അറിയിച്ചു. തെഹ്റാൻ, ഖുസെസ്ഥാൻ, ഇലാം പ്രവിശ്യകളിലാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്ന് ഇറാൻ സ്ഥിരീകരിച്ചു. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമമെന്നും എന്നാല്‍, ചെറുത്തുതോല്പിച്ചുവെന്നും അറിയിപ്പില്‍ പറഞ്ഞു.
അതേസമയം, ഇറാൻ തങ്ങളെ ആക്രമിച്ചതിനുള്ള തിരിച്ചടി ഇന്ന് നടന്ന ആക്രമണത്തോടെ അവസാനിപ്പിക്കുകയാണെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ മുതിർന്ന വക്താവ് ഡാനിയേല്‍ ഹാഗാരി വ്യക്തമാക്കി. ആക്രമണം അവസാനിപ്പിച്ച് ഇസ്രായേല്‍ പോർ വിമാനങ്ങള്‍ സുരക്ഷിതമായി മടങ്ങിയെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്റലിജൻസിന്റെ സഹായത്തോടെ ഇറാൻ മിസൈല്‍ നിർമാണ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ അവകാശവാദം. ഇറാന്റെ മിസൈല്‍ സിസ്റ്റം ഉള്‍പ്പടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ആക്രമിക്കപ്പെട്ടു. ലക്ഷ്യം പൂർത്തീകരിക്കാൻ ഇസ്രായേല്‍ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആക്രമണം നടക്കുമ്ബോള്‍ ഇറാന്റെ മിസൈല്‍ പ്രതിരോധസംവിധാനം പ്രവർത്തിച്ചിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. അല്‍ ജസീറ ഇതിന് തെളിവായി വിഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നു.
പ്രാദേശിക സമയം ഇന്ന് പുലർച്ചെ 2.15ഓടെയാണ് ഇസ്രായേല്‍ ആക്രമണമുണ്ടായത്. തെഹ്റാന്റെ വിവിധ ഭാഗങ്ങളിലും അല്‍ബോർസ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. തെഹ്റാന്റെ വടക്കു ഭാഗത്തുള്ള സആദത്ത് ആബാദില്‍നിന്ന് പുക ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
STORY HIGHLIGHTS:Iran reacts to Israeli attack