മ്യൂച്വല്‍ ഫണ്ടില്‍ മലയാളികള്‍ കൂടുതല്‍ പണമെറിയുന്നു.
ഡൽഹി:സമ്ബാദ്യം വളർത്താൻ മ്യൂച്വല്‍ ഫണ്ടില്‍ മലയാളികള്‍ കൂടുതല്‍ പണമെറിയുന്നു. അഞ്ചുവർഷം കൊണ്ട് മൊത്തം മലയാളി നിക്ഷേപം ഇരട്ടിയിലധികമായാണ് കുതിച്ചു വളർന്നത്.
അസോസിയേഷൻ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (Amfi/ആംഫി) ജൂണിലെ കണക്കുപ്രകാരം കേരളത്തില്‍ നിന്നുള്ള മൊത്തം മ്യൂച്വല്‍ ഫണ്ട് നിക്ഷേപ ആസ്തി (എയുഎം/AUM) 73,451.94 കോടി രൂപയെന്ന എക്കാലത്തെയും ഉയരത്തിലെത്തി.
ആസ്തി 70,000 കോടി രൂപ ഭേദിച്ചത് ആദ്യമാണ്. മേയില്‍ 69,501 കോടി രൂപയായിരുന്നു. കഴിഞ്ഞവർഷം ജൂണില്‍ ഇത് 50,733 കോടി രൂപയും.
2019 ജൂണില്‍ 26,700 കോടി രൂപ മാത്രമായിരുന്നു മ്യൂച്വല്‍ ഫണ്ടിലെ മലയാളിപ്പണം. 10 വർഷം മുമ്ബ് (2014ല്‍) 7,927 കോടി രൂപയും. ഇതാണ് ഒരു ദശാബ്ദത്തിനിടെ പലമടങ്ങ് മുന്നേറി 70,000 കോടി രൂപ ഭേദിച്ചത്.
സ്ഥിരനിക്ഷേപം (FD), ചിട്ടി, സ്വർണം, ഭൂമി എന്നിങ്ങനെ പരമ്ബരാഗത മാർഗങ്ങളില്‍ നിന്ന് മലയാളികള്‍ സമ്ബാദ്യം അതിവേഗം വളർത്താൻ മ്യൂച്വല്‍ ഫണ്ടുകളിലേക്കും ചുവടുമാറുന്നതായി വ്യക്തമാക്കുന്നതാണ് ഈ വളർച്ചാക്കണക്കുകള്‍.
ഓഹരിയധിഷ്ഠിത ഫണ്ടുകളോടാണ് (Equity Oriented) കേരളീയർക്ക് കൂടുതല്‍ ഇഷ്ടമെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മൊത്തം നിക്ഷേപ ആസ്തിയില്‍ 55,794.28 കോടി രൂപയും ഇക്വിറ്റി സ്കീമുകളിലാണ്. മേയില്‍ ഇത് 55,211 കോടി രൂപയും 2023 ജൂണില്‍ 35,820 കോടി രൂപയുമായിരുന്നു.
കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ലിക്വിഡ് സ്കീമുകളിലെ മൊത്തം നിക്ഷേപം 2023 ജൂണിലെ 2,297 കോടി രൂപയില്‍ നിന്ന് കഴിഞ്ഞമാസം 3,289.19 കോടി രൂപയിലെത്തി. കടപ്പത്രാധിഷ്ഠിതമായ മറ്റ് സ്കീമുകളിലെ (other debt oriented) നിക്ഷേപം ഒരുവർഷം മുമ്ബ് 6,200 കോടി രൂപയായിരുന്നത് ഇക്കുറി ജൂണില്‍ 6,648.05 കോടി രൂപയായി.
ഓഹരിയിലും കടപ്പത്രങ്ങളിലും ഒരുപോലെ നിക്ഷേപിക്കുന്ന ബാലൻസ്ഡ് ഫണ്ടുകളിലെ നിക്ഷേപം 4,704 കോടി രൂപയില്‍ നിന്ന് 6,371.2 കോടി രൂപയിലെത്തി.
കേരളീയർ ഏറ്റവും കുറവ് നിക്ഷേപം നടത്തിയിട്ടുള്ളത് ഗോള്‍ഡ് ഇടിഎഫിലാണ്. ജൂണിലെ കണക്കുപ്രകാരം 175.24 കോടി രൂപ. മേയില്‍ 169.78 കോടി രൂപയും കഴിഞ്ഞവർഷം ജൂണില്‍ 113.06 കോടി രൂപയുമായിരുന്നു.
മറ്റ് ഇടിഎഫുകളിലെ നിക്ഷേപം മേയിലെ 905.22 കോടി രൂപയില്‍ നിന്ന് കഴിഞ്ഞമാസം 970.03 കോടി രൂപയായി. ഒരുവർഷം മുമ്ബിത് 602 കോടി രൂപയായിരുന്നു.
STORY HIGHLIGHTS:Malayalis invest more money in mutual funds. Investment of Malayalis has crossed 70,000 crores.