Education

ജോലി കിട്ടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം

ജോലി കിട്ടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം, വിദ്യാഭ്യാസത്തിന് ഇൻഷുറൻസ് പദ്ധതിയുമായി ഇൻഷുര്‍ടെക്ക്

ഇൻഷുറൻസിനെ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുന്ന പുതിയ ആശയവുമായി ഇൻഷുർടെക്ക് സമ്മേളനം. 2024 ന്റെ ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ചാണ് ഈ പുതിയ പദ്ധതിക്ക് തുടക്കമിട്ടത്.

ജിഎഐപി അഥവാ ഗ്ലോബല്‍ അസോസിയേഷൻ ഓഫ് ഇൻഷൂർടെക് പ്രൊഫഷണല്‍സ് വഴി വിദ്യാർത്ഥികളെ ഉപഭോക്താക്കളായി പരിഗണിച്ചുകൊണ്ട്, അവർക്ക് ജോലി ലഭിക്കാത്ത പക്ഷം ഇൻഷുറൻസിലൂടെയുള്ള നഷ്ടപരിഹാരം ലഭ്യമാക്കുക എന്നതാണ് ഈ ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ട നിയമപരമായ പിന്തുണയും ജിഎഐപി നല്‍കും. വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രീമിയം അടച്ച്‌ വിദ്യാർത്ഥികള്‍ക്ക് ഇൻഷുറൻസ് കവറേജ് ലഭ്യമാക്കേണ്ടത് എന്ന നവീന കാഴ്ചപ്പാടാണ് ഈ പദ്ധതിയുടെ അടിസ്ഥാനം.

കാലഘട്ടത്തിന് ഏറ്റവും ആവശ്യമുള്ള വിപ്ലവകരമായ പദ്ധതിയാണ് ഇതെന്ന് ഗ്ലോബല്‍ അസോസിയേഷൻ ഓഫ് ഇൻഷുർടെക് പ്രൊഫഷണല്‍സ് (GAIP) സഹസ്ഥാപകനും വൈസ് പ്രസിഡൻ്റും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്ബനീസിൻ്റെ സ്ഥാപക ചെയർമാനും സിഇഒയുമായ സർ സോഹൻ റോയ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

” ഏകദേശം അൻപതിനായിരം മണിക്കൂറുകളാണ് തന്റെ വിദ്യാഭ്യാസത്തിനായി ഒരു വിദ്യാർത്ഥി ചിലവഴിക്കുന്നത്. വിദ്യാഭ്യാസത്തിനുശേഷം അനുയോജ്യമായ ഒരു തൊഴില്‍ അവന് ലഭിക്കുന്നില്ലെങ്കില്‍ ഇത്രയും നാളത്തെ പരിശ്രമം പാഴായിപ്പോയി എന്നുതന്നെയാണ് അർത്ഥം. തീർച്ചയായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെയാണ് അത്തരം ഒരു അവസ്ഥയ്ക്ക് ഉത്തരവാദികള്‍ ആകേണ്ടത്.

അവർ നല്‍കിയ വിദ്യാഭ്യാസം, തൊഴിലിടത്തിന് യോജിച്ചത് അല്ലാത്തത് കൊണ്ടാണ് വിദ്യാർത്ഥികള്‍ക്ക് അനുയോജ്യമായ തൊഴില്‍ ലഭിക്കാത്തത്. വിദ്യാർത്ഥികളുടെ അഭിരുചിക്ക് ഇണങ്ങിയതും തൊഴിലധിഷ്ഠിതമായി രൂപകല്‍പ്പന ചെയ്യപ്പെട്ടതുമായ ഒരു വിദ്യാഭ്യാസസമ്ബ്രദായത്തിലൂടെ മാത്രമേ അവരെ തൊഴിലെടുക്കാൻ അനുയോജ്യരായ രീതിയില്‍ പുറത്തിറക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാധിയ്ക്കൂ.

അതിന് കഴിയാത്ത സ്ഥാപനങ്ങള്‍ നഷ്ടപരിഹാരം നല്‍കാൻ ബാധ്യസ്ഥരാണ്. ട്യൂഷൻ ഫീസ് നല്‍കുന്നതിനോടൊപ്പം ഇൻഷുറൻസ് കവറേജ് കൂടി ലഭിക്കുകയാണെങ്കില്‍ വിദ്യാർത്ഥികള്‍ക്ക് ഭാവിയില്‍ അത് ഉപകാരപ്പെടും. തൊഴില്‍ ലഭിക്കുന്നതിന് പ്രസ്തുത വിദ്യാഭ്യാസം പര്യാപ്തമല്ലെങ്കില്‍ അർഹമായ നഷ്ടപരിഹാരം വിദ്യാർത്ഥികള്‍ക്ക് ഇതിലൂടെ ലഭിക്കും .

ഇത്തരത്തിലുള്ള ഒരു പദ്ധതി കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ വിദ്യാർത്ഥികളുടെ ഭാവി ഉറപ്പാക്കാനുള്ള ബാധ്യത വന്നുചേരും.

ഇക്കാര്യത്തില്‍ വിദ്യാർത്ഥികളെ നിയമപരമായി സഹായിക്കാനും ഇൻഷുർടെക്ക് പദ്ധതിയിടുന്നുണ്ട്. അതേപോലെതന്നെ, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ അൻപത് ശതമാനം അധ്യാപകർ എങ്കിലും അതാത് തൊഴില്‍ മേഖലയില്‍ ദീർഘനാളത്തെ പ്രവർത്തിപരിചയം ഉള്ളവരായിരിക്കണം എന്ന നിബന്ധന നടപ്പിലാവേണ്ടതുണ്ട് . സിലബസ് പൂർണമായും തൊഴിലധിഷ്ഠിതമായിരിക്കണം. അധ്യാപനരീതി അങ്ങേയറ്റം ഫലപ്രദമാക്കുവാൻ ഇത്തരം നടപടികളിലൂടെ സാധിക്കും “. അദ്ദേഹം പറഞ്ഞു .

ഇത്തരത്തിലുള്ള വിദ്യാഭ്യാസ ഇൻഷുറൻസ് നിർബന്ധമാക്കുന്ന നയപരിപാടികള്‍ വിവിധ സർക്കാരുകള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് സമ്മേളനത്തില്‍ ആവശ്യമുയർന്നു.
ഇൻഷ്വറൻസ് മേഖല ഇത് ഉറപ്പുവരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഐഎസ്‌ഒ സർട്ടിഫിക്കേഷനുകള്‍ ബാധകമാക്കുകയും അതിന് ഇത്തരം കാര്യങ്ങള്‍ മാനദണ്ഡമാക്കുകയും വേണം.

ഇൻഷുറൻസ് പ്രൊഫഷണലുകളെയും സ്ഥാപനങ്ങളെയും ഒരുമിച്ച്‌ കൊണ്ടുവരുകയും അതിലൂടെ വ്യാവസായിക പങ്കാളിത്തവും ആശയങ്ങളുടെ കൈമാറ്റവും സാധ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിയ്ക്കുന്ന ഒരു ആഗോള കോണ്‍ഫറൻസാണ് ഇൻഷുർടെക്ക്. ഇൻഷുറൻസ് വ്യവസായത്തിലെ നൂതനമായ പരിഹാരങ്ങളും മുന്നേറ്റങ്ങളും ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദിയായി ഇത് പ്രവർത്തിക്കുന്നു.

ഇൻഷൂർടെക് വ്യവസായത്തില്‍ നവീകരണവും മികവും വളർത്തിയെടുക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു non-profit അന്താരാഷ്ട്ര സംഘടനയാണ് ഗ്ലോബല്‍ അസോസിയേഷൻ ഓഫ് ഇൻഷുർടെക് പ്രൊഫഷണല്‍സ്. വിദ്യാഭ്യാസവും പ്രൊഫഷണല്‍ സർട്ടിഫിക്കേഷനും വാഗ്ദാനം ചെയ്യുക, ഗവേഷണവും നവീകരണവും പരിപോഷിപ്പിക്കുകയും, മികച്ച സമ്ബ്രദായങ്ങള്‍ സ്ഥാപിക്കുക, ഇൻഷുറൻസ് വ്യവസായത്തിൻ്റെ സമഗ്രതയ്ക്കായി വാദിക്കുക എന്നിവ GAIP-യുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

സർ സോഹൻ റോയ്, ഡോ. അഫ്താബ് ഹസൻ, ശ്രീ. ഫരീദ് ലുത്ഫി എന്നിവരുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തില്‍ GAIP, സഹസ്ഥാപകരെന്ന നിലയില്‍ വിദ്യാർത്ഥികളെ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ആവശ്യമായ പിന്തുണ നല്‍കുവാനും വിദ്യാഭ്യാസാനന്തരം വ്യവസായ മേഖലയില്‍ തൊഴില്‍ ലഭ്യമാകാത്തപക്ഷം ഉപഭോക്തൃ കോടതികളില്‍ നിയമസഹായം നല്‍കാനും സംഘടന ലക്ഷ്യമിടുന്നു. ഇൻഷുർ ടെക് മേഖലയില്‍ സഹകരണം, നവീകരണം, വിജ്ഞാന വിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുന്നതും സംഘടനയുടെ പദ്ധതികളില്‍ ഉള്‍പ്പെടുന്നു

STORY HIGHLIGHTS:Insurtech with compensation for unemployed students, insurance scheme for education

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker