റിയാദ്: സഊദി അറേബ്യ അടുത്തിടെ പ്രഖ്യാപിച്ച സ്റ്റുഡന്റ്സ് വിസയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു.
യൂണിവേഴ്സിറ്റികളിലേക്ക് വിദേശവിദ്യാർഥികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി സ്റ്റുഡന്റ് വിസയിൽ നിരവധി ആനുകൂല്യങ്ങൾ ആണുള്ളതെന്ന് ഡയറക്ടർ ഓഫ് എജുക്കേഷൻ ഇനീഷ്യേറ്റീവ് ഡയറക്ടർ സാമി അൽഹൈസൂനി വെളിപ്പെടുത്തി. കോഴ്സ് കാലാവധി അവസാനിക്കുന്നത് വരെ പുതുക്കാവുന്ന വിസകളാണ് വിദ്യാർഥികൾക്ക് ലഭിക്കുക. പാർട് ടൈം ജോലി ചെയ്യാമെന്നും സാമി അൽഹൈസൂനി വ്യക്തമാക്കി.
സ്പോൺസറെ ആവശ്യമില്ലാത്ത വിസ സ്റ്റഡി ഇൻ സഊദി അറേബ്യ എന്ന പ്ലാറ്റ്ഫോം വഴിയാണ് ലഭ്യമാകുക. വളരെ വേഗം ലഭ്യമാകുന്ന വിസയിൽ കാലാവധിക്കുള്ളിൽ എത്ര തവണ വേണമെങ്കിലും സഊദിക്ക് പുറത്ത് പോയി വരാവുന്ന മൾട്ടി എൻട്രി വിസകളാണ് ലഭിക്കുക. ചെറിയ കാലാവധിയുള്ള വിസകൾ ഒരു വർഷം വരെ പുതുക്കാം. അതോടൊപ്പം പാർട് ടൈം ജോലിയും ചെയ്യാം. കുടുംബത്തെ കൊണ്ടുവരാം. വിദേശ വിദ്യാർഥികൾക്ക് സർവകലാശാലകൾ നിരവധി വിനോദ, ടൂറിസം പരിപാടികളും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ 16 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ സഊദി സർവകലാശാലകളിൽ പഠനത്തിന് അനുമതി ലഭിക്കുകയുള്ളൂ.
ലോകത്തെ പ്രമുഖ വിദ്യാഭ്യാസ ഹബ്ബായി സഊദിയെ ഉയർത്തുകയെന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതിനകം മിക്ക യൂണിവേഴ്സിറ്റികളിലും വിവിധ തരം കോഴ്സുകൾ അനുവദിച്ചിട്ടുണ്ട്. ഒരു വർഷമോ അതിലധികമോ കാലാവധിയുള്ള വിസകളാണ് അനുവദിക്കുന്നത്. അക്കാദമിക് ബിരുദങ്ങളടക്കം ദീർഘ കാല പഠനത്തിനോ ഗവേഷണ സന്ദർശനത്തിനോ ഇതുപയോഗിക്കാം. ഗവേഷകർക്കും പരിശീലകർക്കും ഷോർട്ട് ടേം കോഴ്സുകാർക്കും ആറു മാസത്തേക്ക് വീണ്ടും പുതുക്കാവുന്ന വിസകളും ലഭിക്കും.
സ്റ്റഡി ഇൻ സൗദി അറേബ്യ പ്ലാറ്റ്ഫോമിൽ കയറി കോഴ്സ് തെരഞ്ഞെടുത്ത ശേഷമാണ് വിസക്ക് അപേക്ഷിക്കേണ്ടത്. അപ്രൂവൽ ലഭിച്ചാൽ വിസ ഓൺലൈനായി ഉടൻ ലഭിക്കും. വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയങ്ങൾ സംയുക്തമായാണ് വിസകൾ അനുവദിക്കുന്നത്. നിലവിൽ സഊദി സർവകലാശാലകളിൽ 160 രാജ്യങ്ങളിൽ നിന്നായി എഴുപതിനായിരം വിദേശവിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നുണ്ടെന്നാണ് കണക്കുകൾ.
STORY HIGHLIGHTS:More information about Saudi Arabia Student Visa has been released.