എനര്‍ജി ഡ്രിങ്കുകള്‍ നമ്മുടെ ഉറക്കത്തെ സാരമായി ബാധിക്കാമെന്ന് പുതിയ പഠനം.
എനര്‍ജി ഡ്രിങ്കുകള്‍ നമ്മുടെ ഉറക്കത്തെ സാരമായി ബാധിക്കാമെന്ന് പുതിയ പഠനം. നോര്‍വേയില്‍ നടത്തിയ പഠനത്തില്‍ എനര്‍ജി ഡ്രിങ്ക് ശീലമാക്കിയവരില്‍ ഉറക്കത്തിന്റെ നിലവാരം വളരെ മോശമായിരിക്കുമെന്ന് കണ്ടെത്തി.
ഓപ്പണ്‍-ആക്സസ് ജേണലായ ബിഎംജെയിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പ്രദ്ധീകരിച്ചിരിക്കുന്നത്. ഇത്തരക്കാരില്‍ ഇന്‍സോംനിയ (ഉറക്കം വരാത്ത അവസ്ഥ), ഉറക്കക്കുറവ് എന്നിവ നേരിടാം. വിദ്യാര്‍ഥികളില്‍ എനര്‍ജി ഡ്രിങ്കുകളുടെ ഉപയോഗം എത്രത്തോളം കൂടുന്നുവോ അത്രത്തോളം ഉറക്കമില്ലായ്മയും ഉണ്ടാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.
മാസത്തില്‍ ഒന്നു മുതല്‍ മൂന്ന് തവണ എനര്‍ജി ഡ്രിങ്ക് കുടിക്കുന്നതു പോലും ഉറക്കത്തെ ബാധിക്കാം. ഒരു ലിറ്റര്‍ എനര്‍ജി ഡ്രിങ്കില്‍ 150 മില്ലിഗ്രാം കഫൈനും കൂടാതെ പഞ്ചസാരയും, വൈറ്റമിനുകളും, ധാതുക്കള്‍, അമിനോ ആസിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു.
നോര്‍വേയില്‍ 18നും 35നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളായ 53,266 പേരെയാണ് സര്‍വെയ്ക്കായി തെരഞ്ഞെടുത്തത്. ചോദ്യോത്തരങ്ങളിലൂടെ വിദ്യാര്‍ഥികളുടെ പ്രതികരണം രേഖപ്പെടുത്തി. ആറ് വിഭാഗമായി തിരിച്ചായിരുന്നു വിവരങ്ങള്‍ ശേഖരിച്ചത്. സ്ഥിരമായി എനര്‍ജി ഡ്രിങ്ക് കുടിക്കുന്നവര്‍, ആഴ്ചയില്‍ നാലോ ആറോ തവണ, ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് തവണ, ആഴ്ചയില്‍ ഒരിക്കല്‍, മാസത്തില്‍ ഒന്ന് മുതല്‍ മൂന്ന് തവണ, ഒരിക്കലുമില്ല എന്നിങ്ങനെയാണ് വിഭാഗങ്ങള്‍ തിരിച്ചത്. ഓരോ വിഭാഗത്തിന്റെയും ഉറക്ക രീതിയെ കുറിച്ചും സര്‍വെയില്‍ രേഖപ്പെടുത്തി.
എനര്‍ജി ഡ്രിങ്ക് ഒരിക്കലും കുടിച്ചിട്ടില്ല, വല്ലപ്പോഴും കുടിക്കുന്നു എന്ന് പറഞ്ഞവരെക്കാള്‍ അരമണിക്കൂര്‍ കുറച്ചാണ് ദിവസവും എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്നവര്‍ ഉറങ്ങുന്നതെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. ഉറങ്ങാന്‍ ദീര്‍ഘനേരമെടുക്കുന്നതും ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേക്കുന്ന കാര്യത്തിലും ഇതേ രീതി തന്നെയാണെന്നും പഠനത്തില്‍ ചൂണ്ടികാണിക്കുന്നു.
STORY HIGHLIGHTS:A new study shows that energy drinks can seriously affect our sleep.