
റിയാദ്: ശനിയാഴ്‌ച വൈകീട്ട് ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ സൗദി അറേബ്യയിൽ നാളെ (ഞായറാഴ്ച) ചെറിയ പെരുന്നാൾ. സൗദി മധ്യപ്രവിശ്യയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്.

ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ശനിയാഴ്‌ച റമദാൻ 29 പൂർത്തിയായതിനാൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ ആളുകളോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. സൗദിയിൽ ഈ ദിവസങ്ങളിൽ പൊതുവേ തെളിഞ്ഞ അന്തരീക്ഷമായതിനാൽ പിറ ദർശിക്കാൻ എളുപ്പമാണെന്നായിരുന്നു വിലയിരുത്തൽ.

നഗ്ന നേത്രങ്ങളിലൂടെയോ ടെലിസ്കോപ്പിലൂടെയോ മാസപ്പിറവി കാണുന്നവർ അടുത്തുള്ള കോടതിയിൽ നേരിട്ട് ഹാജരായോ ഫോണിലൂടെയോ വിവരമറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
ഞായറാഴ്ച ഈദുൽ ഫിത്വറായിരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടതോടെ രാജ്യം ആഘോഷത്തിന്റെ തിരക്കിൽ അമർന്നുകഴിഞ്ഞു.

STORY HIGHLIGHTS:Eid tomorrow in other Gulf countries, except Oman
