
അനിശ്ചിതമായി തുടർന്ന ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശജീവിതം അവസാനിച്ചു. സുനിത വില്യംസും ബുച്ച് വില്മോറും ക്രൂ 9 ലെ മറ്റ് അംഗങ്ങള്ക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തി.

ഇന്ത്യൻസമയം ബുധനാഴ്ച പുലർച്ചെ 3.27ന് മെക്സിക്കോ ഉള്ക്കടലിലാണ് ഡ്രാഗണ് പേടകം സുരക്ഷിതമായി ലാൻഡ് ചെയ്തത്. സ്പേസ് റിക്കവറി കപ്പല് പേടകത്തിനരികിലേക്ക് എത്തിച്ചേർന്നു. പേടകത്തിനുള്ളിലെ നാല് യാത്രികരേയും കപ്പലിലേക്ക് മാറ്റി. പേടകത്തിനുള്ളില് നിന്ന് പുറത്തിറങ്ങിയ യാത്രികരെ സ്ട്രെച്ചറിലാണ് മാറ്റിയത്. അതിനുമുൻപ് ഒരുനിമിഷം അവരെ നിവർന്നുനില്ക്കാൻ അനുവദിച്ചിരുന്നു. സുനിത വില്യംസുള്പ്പെടെ എല്ലാവരും അതീവ സന്തുഷ്ടരായി ക്യാമറയിലൂടെ ലോകത്തെ അഭിവാദ്യം ചെയ്തു.
നിക്ക് ഹേഗും അലക്സാണ്ടർ ഗോർബുനോവും ബുച്ച് വില്മോറുമാണ് സുനിതയെ കൂടാതെ ഭൂമിയിലെത്തിയത്. പൈലറ്റിൻറേയും കമാൻഡറിൻറേയും ഇരിപ്പിടങ്ങളില് നിക്ക് ഹേഗും അലക്സാണ്ടർ ഗോർബുനോവുമായിരുന്നു കാരണം സുനിതയും ബുച്ചും ഡ്രാഗണ് പേടകത്തിലെ യാത്രക്കാർ മാത്രമാണ്. സ്റ്റാർലൈനർ പേടകത്തിലാണ് സുനിതയും ബുച്ചും ബഹിരാകാശത്തേക്ക് പോയത്. ആ പേടകത്തിലാണ് ഇരുവർക്കും പരിശീലനം ലഭിച്ചിട്ടുള്ളത്. ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണില് ഐഎസ്എസിലേക്കു പോയത്. ഒരാഴ്ചയ്ക്കുള്ളില് തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാർലൈനറിനുണ്ടായ സാങ്കേതിക തകരാർമൂലം അതിലുള്ള മടക്കയാത്ര നടന്നില്ല.

ഉചിതമായ ബദല്പദ്ധതി തയ്യാറാകുന്നതുവരെ അവർക്ക് ഐഎസ്എസില് കഴിയേണ്ടിവന്നു. ഇലോണ് മസ്കിന്റെ സ്പേസ് എക്സുമായി സഹകരിച്ചാണ് നാസ തിരിച്ചുവരവ് സാധ്യമാക്കിയത്. സുനിതയെയും ബുച്ചിനെയും ടെക്സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്സണ് സ്പെയ്സ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ബഹിരാകാശത്ത് ഗുരുത്വാകർഷണമില്ലാതെ ഇത്രനാള് കഴിഞ്ഞ രണ്ടുപേർക്കും ഭൂമിയിലെ ഗുരുത്വാകർഷണവുമായി വീണ്ടും താദാത്മ്യം പ്രാപിക്കാനുള്ള സഹായങ്ങള് നല്കും.
STORY HIGHLIGHTS:Space life is over. Sunita and Wilmore have safely returned to Earth.
Splashdown confirmed! #Crew9 is now back on Earth in their @SpaceX Dragon spacecraft. pic.twitter.com/G5tVyqFbAu
— NASA (@NASA) March 18, 2025