
കൊച്ചി:കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലില്‍ കഴിഞ്ഞദിവസം രാത്രി നടന്നത് വൻ കഞ്ചാവ് വേട്ട. ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവാണ് കളമശ്ശേരി പോലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.
ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളിത്തീൻ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
ഹോളി ആഘോഷത്തിനായി വൻതോതില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധനക്കെത്തിയത്. രാത്രി ഒൻപത് മണിയോടെ ആരംഭിച്ച മിന്നല്‍ പരിശോധന പുലർച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്. പോലീസ് നടത്തിയ പരിശോധനക്കിടെ കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസും കണ്ടെത്തിയിട്ടുണ്ട്.
കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്ന് 1.9 കിലോ കഞ്ചാവും ആലപ്പുഴ സ്വദേശിയായ ആദിത്യൻ, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയില്‍നിന്ന് ഒൻപത് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. മൂന്ന് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, മൂന്ന് ആണ്‍കുട്ടികള്‍ ഇവിടെനിന്ന് ഓടി രക്ഷപ്പെട്ടു. അവർക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
അതേസമയം, ഇത്രയേറെ കഞ്ചാവ് കോളേജ് ഹോസ്റ്റലില്‍ ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് എസിപി മാധ്യമങ്ങളോട് പ്രതികരിച്ചു. കഞ്ചാവ് എത്തിച്ച ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

STORY HIGHLIGHTS:Police shocked by raid on Kalamassery Govt. Polytechnic Hostel
