GulfKeralaOman

ആഷിഖ് കേരളത്തിലേക്ക് ലഹരികടത്തിയത് ഒരാളും ചിന്തിക്കാത്ത രീതിയില്‍

കൊച്ചി:കേരളത്തിലേക്കുള്ള രാസലഹരിയുടെ കളക്ഷൻ പോയിന്റായി ഇതുവരെ അധികൃതർ കരുതിയിരുന്നത് ബെംഗളുരു നഗരത്തെയാണ്.

ബെംഗളുരുവില്‍ നിന്നും എംഡിഎംഎ ഉള്‍പ്പെടെയുള്ള സിന്തറ്റിക് ഡ്രഗ്സ് വലിയ തോതിലാണ് കേരളത്തിലേക്ക് എത്തിയിരുന്നത്. എന്നാല്‍, പൊലീസോ എക്സൈസോ ഒരിക്കലും സംശയിക്കാത്തയിടത്ത് നിന്നും ആളുകളെ നിയോഗിച്ചും കൊറിയർ വഴിയും കേരളത്തിലേക്ക് രാസലഹരി മരുന്നുകള്‍ എത്തിച്ച മലപ്പുറം കൊണ്ടോട്ടി മുക്കോട് സ്വദേശി പി. ആഷിഖ് അക്ഷരാർത്ഥത്തില്‍ അന്വേഷണ സംഘത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കർശന ശിക്ഷ നല്‍കുന്ന ഗള്‍ഫ് രാജ്യത്ത് നിന്നാണ് കൊറിയർ വഴിയും ആളുകള്‍ മുഖേനെയും ഇയാള്‍ വൻതോതില്‍ മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തിയത്.

ഒമാനിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരനായ ആഷിഖ് കിലോക്കണക്കിന് രാസലഹരി പദാർത്ഥങ്ങളാണ് കേരളത്തിലേക്ക് കടത്തിയത്. ഒരാള്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇയാളുടെ ലഹരിക്കടത്ത്. ഒമാനില്‍ നിന്ന് അടുത്തിടെ ആഷിഖിന് പാഴ്സല്‍ വന്നിരുന്നെന്ന വിവരത്തെ തുടർന്നാണ് കരിപ്പൂർ പൊലീസും ഡാൻസാഫ് സംഘവും തിരച്ചില്‍ നടത്തിയത്. ഈ അന്വേഷണത്തില്‍ 1.65 കിലോ എ‍ഡിഎംഎ കണ്ടെടുത്തതോടെയാണ് ഗള്‍ഫ് രാജ്യത്ത് നിന്നും ആഷിഖ് നിർബാധം ലഹരി കടത്തിയതിന്റെ നേർചിത്രം അന്വേഷണ സംഘത്തിന് ലഭിച്ചത്. ഈ സമയം മട്ടാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു ആഷിഖ്.

കേരളത്തില്‍ രാസലഹരി എത്തിക്കുന്ന വലിയൊരു റാക്കറ്റിന്റെ നേതാവാണ് ആഷിഖ് എന്ന് പൊലീസ് പറയുന്നു. ഒമാനില്‍നിന്ന് ആഷിഖ് രാസലഹരി കടത്തിയെന്ന വിവരം അവിശ്വസനീയതയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ ആദ്യം കേട്ടത്. ആർക്കും സംശയം തോന്നില്ല എന്നതാണ് ആഷിഖിനെ ഒമാനില്‍ നിന്നും ലഹരി കടത്താൻ പ്രേരിപ്പിച്ചത്. ബെംഗളുരുവില്‍ നിന്നും എംഡിഎംഎ എത്തിക്കുന്നതിന്റെ മൂന്നിരട്ടി ലാഭം ഒമാനില്‍ നിന്നെത്തിച്ചാല്‍ ലഭിക്കുമത്രെ. ഗ്രാമിനു 300 രൂപ നിരക്കിലാണ് ഒമാനില്‍ ആഷിഖിന് എംഡിഎംഎ ലഭിക്കുന്നത്. ഇത് ബെംഗളുരുവില്‍ നിന്നാണെങ്കില്‍ ഗ്രാമിന് 800 രൂപ മുതല്‍ ആയിരം രൂപ വരെ നല്‍കണം.

വൻതോതിലാണ് ആഷിഖും സംഘവും ഒമാനില്‍നിന്നു നാട്ടിലേക്കു ലഹരി കടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ജനുവരി ഒടുവില്‍ അരക്കിലോയോളം എംഡിഎംഎയുമായി ഏഴുപേർ പിടിയിലായതാണ് ഈ സംഘത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ചത്. ആ കേസിലാണ് സംഘത്തിന്റെ തലവൻ ആഷിഖ് ഉള്‍പ്പെടെ മൂന്നു പേർ കഴിഞ്ഞ ദിവസം അറസ്റ്റിലാകുന്നതും. പി.ആഷിഖ്, വൈപ്പിൻ എളങ്കുന്നപ്പുഴ സ്വദേശിനി മാഗി ആഷ്‌ന, മട്ടാഞ്ചേരി സ്വദേശി ഇസ്മായില്‍ സേഠ് എന്നിവരാണ് ഒടുവില്‍ പിടിയിലായത്.

ഒമാനില്‍ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായ ആഷിഖാണ് ലഹരി ഇടപാട് നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രതിയെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജോലിക്കായി ഒമാനില്‍ എത്തിയ മാഗി പിന്നീട് സംഘത്തിനൊപ്പം ചേർന്ന് വിമാനമാർഗം ലഹരിക്കടത്തിന് തയാറാവുകയുമായിരുന്നു. ഒരു ലക്ഷം രൂപയാണ് കടത്തിന് ലഭിച്ചിരുന്നത്. സംഘത്തിനൊപ്പമുള്ള ആദ്യ ലഹരിക്കടത്തില്‍ തന്നെ മാഗി അറസ്റ്റിലാവുകയായിരുന്നു. ഇസ്മായില്‍ സേഠാണ് സംഘത്തിന്റെ കൊച്ചിയിലെ ലഹരി ഇടപാടുകള്‍ക്ക് ചുക്കാൻ പിടിച്ചിരുന്നത്.

ലഗേജില്‍ ഒളിപ്പിച്ചാണ് ഇവർ ലഹരിമരുന്നുകള്‍ കടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ലഗേജിനൊപ്പമുള്ള ഫ്ലാസ്ക് ആണ് ലഹരി കടത്തിലെ മുഖ്യൻ. ഫ്ലാസ്ക്കിനുള്ളില്‍ ഒളിപ്പിക്കുന്ന എംഡിഎംഎ സ്കാനിങ്ങില്‍ കണ്ടെത്താൻ സാധിക്കാത്തത് ഇവർ സമർഥമായി ഉപയോഗിച്ചു. ഇതിനൊപ്പമാണ് വിദേശത്തുനിന്നു കുറിയറായി ലഹരി എത്തിക്കുന്നത്. ഒമാനില്‍ നിന്ന് പാഴ്സല്‍ എത്തിയിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 48 പായ്ക്കറ്റുകളിലാക്കി എത്തിച്ച 1.65 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ജനുവരി അവസാനം മട്ടാഞ്ചേരി സ്റ്റേഷൻ പരിധിയിലെ 2 സ്ഥലങ്ങളിലും ഫോർട്ട് കൊച്ചി, പള്ളുരുത്തി സ്റ്റേഷനുകളുടെ പരിധിയിലുള്ള ഓരോ സ്ഥലങ്ങളില്‍ നിന്നുമായി മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, പള്ളുരുത്തി പൊലീസും കൊച്ചി സിറ്റി ഡാൻസാഫും നടത്തിയ പരിശോധനകളില്‍ 7 പ്രതികളെ പിടികൂടിയിരുന്നു.

മഹാരാഷ്ട്ര പുണെ സ്വദേശിനി ആയിഷ ഗഫാർ സെയ്ത് (39), ഇവരുടെ പങ്കാളിയായ മലയാളി മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക് (27) മട്ടാഞ്ചേരി സ്വദേശികളായ സജീർ (28), അദ്നാൻ സവാദ് (22), ഷഞ്ജല്‍ (34), മുഹമ്മദ് അജ്മല്‍ (28) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. പള്ളുരുത്തി വെളി സ്വദേശി ബാദുഷ (29) പിന്നീട് അറസ്റ്റിലായി. 443.16 ഗ്രാം എംഡിഎംഎ, 6.8 ഗ്രാം കഞ്ചാവ്, 9.41 ഗ്രാം ഹാഷിഷ് ഓയില്‍, 4.64 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് അടക്കം കോടികള്‍ വിലമതിക്കുന്ന ലഹരിമരുന്നുകളാണ് അന്ന് ഇവരില്‍നിന്നു പിടിച്ചെടുത്തത്.

മട്ടാഞ്ചേരിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ താമസിച്ച്‌ ആയിഷയും റിഫാസും ലഹരി ഇടപാട് നടത്തുന്നതായി ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്. എവിടെ നിന്നാണ് പ്രതികള്‍ക്ക് ലഹരിമരുന്ന് ലഭിച്ചിരുന്നതെന്ന് അന്വേഷണത്തിലാണ് പൊലീസ് സംഘം ആഷിഖിലേക്ക് എത്തിയത്.

STORY HIGHLIGHTS:Aashiq smuggled drugs into Kerala in a way no one could have imagined

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker