
വാഷിങ്ടൺ: അമേരിക്കയിൽ നിന്ന് തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് വൈറ്റ് ഹൗസ്. ആളുകളെ കയ്യിലും കാലിലും ചങ്ങല ബന്ധിച്ച് വിമാനത്തിൽ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്ത് വന്നത്.
‘ഹഹ വൗ’ എന്ന കമന്റോടെ എക്സ് സിഇഒ ഇലോൺ മസ്ക് വീഡിയോ റീപോസ്റ്റ് ചെയ്തു. പൗരന്മാരെ ചങ്ങലയിൽ ബന്ധിച്ച് തിരിച്ചയക്കുന്നതിനെതിരെ വിവിധ രാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ദൃശ്യങ്ങൾ വൈറ്റ് ഹൗസ് പങ്കുവെച്ചത്.
‘ASMR ഹ ഹ…വൗ ഇല്ലീഗൽ ഏലിയൻസിനെ നാടുകടത്തുന്ന വിമാനം’ എന്ന കമന്റോടെയാണ് 40 സെക്കറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വ്യക്തികളിൽ ആരുടെയും മുഖം വ്യക്തമല്ല. അതേസമയം മനുഷ്യരെ ചങ്ങലക്കിടുന്ന ദൃശ്യങ്ങളിൽ ASMR എന്ന് ചേർത്തതിൽ രൂക്ഷ വിമർശനം ഉയരുന്നുണ്ട്.
അതേസമയം മുന്നൂറിലധികം അനധികൃത കുടിയേറ്റക്കാരെ പാനമയിലേക്ക് ട്രംപ് ഭരണകൂടം നാടു കടത്തി. മറ്റ് രാജ്യങ്ങൾ സ്വീകരിക്കാത്തവരാണ് ഇവരിൽ അധികവും. അഫ്ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഇതിൽ ഉൾപ്പെടുന്നു. ഒരു ഹോട്ടലിൽ പാർപ്പിച്ച ഇവരുടെ പാസ്പോർട്ട്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു.
സ്വന്തം രാജ്യങ്ങൾ സ്വീകരിച്ചില്ലെങ്കിൽ, ഇവരെ ഒരു താൽക്കാലിക ക്യാമ്പിലേക്ക് മാറ്റും. പാനമ കനാൽ വിഷയത്തിൽ സമ്മര്ദം ചെലുത്തിയാണ് ട്രംപ് കുടിയേറ്റക്കാരെ ഏറ്റെടുക്കാൻ പാനമയെ നിര്ബന്ധിതരാക്കിയത്.
STORY HIGHLIGHTS:White House shares video of ‘aliens’ deportation, Musk says ‘wow’

