റിയാദ്:വിദേശ തൊഴിലാളികള്‍ക്ക് ഇനി സൗദി അറേബ്യയില്‍ ‘സ്പോണ്സർ’ ഇല്ല. പകരം ‘തൊഴില്‍ ദാതാവ്’ എന്ന പദം ഉപയോഗിക്കാൻ രാജ്യത്തെ സർക്കാർ, സ്വകാര്യ രംഗങ്ങളിലെ മുഴുവൻ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിർദേശം നല്കി സൗദി വാണിജ്യ മന്ത്രാലയം.
ഫെഡറേഷന് ഓഫ് സൗദി ചേംബേഴ്സിനാണ് ഇതുസംബന്ധിച്ച ഉത്തരവ് മന്ത്രാലയം അയച്ചത്.
ഒന്നോ അതിലധികമോ തൊഴിലാളികളെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങളെയോ വ്യക്തികളെയോ ‘തൊഴില്‍ ദാതാവ്’ എന്നാണ് സൗദി തൊഴില്‍നിയമത്തിലെ ആർട്ടിക്കിള്‍ വിശേഷിപ്പിച്ചിരിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു. തൊഴിലുടമക്കുവേണ്ടി അയാളുടെയോ മാനേജ്മെന്റിന്റെയോ മേല്നോട്ടത്തിൻ കീഴില്‍ സേവന വേതന വ്യവസ്ഥകള്‍ക്ക് വിധേയമായി ജോലി ചെയ്യുന്ന ആളെ ‘തൊഴിലാളി’ യെന്നാണ് നിർവചിക്കുന്നതെന്നും സർക്കുലറില്‍ വ്യക്തമാക്കുന്നു.
ഇതുവരെ വിദേശ തൊഴിലാളികളുടെ തൊഴിലുടമകളെ പൊതുവില്‍ പറഞ്ഞിരുന്ന പേര് ‘സ്പോണ്സർ’ എന്നാണ്. കാലങ്ങളായി അങ്ങനെയാണ് രേഖകളിലും പതിഞ്ഞുകിടക്കുന്നത്. മന്ത്രാലയം നിർദേശം നടപ്പാകുന്നതോടെ സ്പോണ്സർ ഇല്ലാതാകും. പകരം തൊഴിലുടമയോ തൊഴില്‍ ദാതാവോ സ്ഥിരപ്രതിഷ്ഠ നേടും.
STORY HIGHLIGHTS:Foreign workers no longer have a ‘sponsor’ in Saudi Arabia.