GulfU A E

2025 പിറന്നതോടെ പുതിയ 12 നിയമങ്ങളാണ് യു.എ.ഇയില്‍ പ്രാബല്യത്തില്‍ വരുന്നത്

അബുദാബി:2025 പിറന്നതോടെ പുതിയ 12 നിയമങ്ങളാണ് യു.എ.ഇയില്‍ പ്രാബല്യത്തില്‍ വരുന്നത്.

പുതുവർഷത്തില്‍ യു.എ.ഇ നിവാസികളുടെ ദൈനംദിന ജീവിതത്തെ ഇത് എത്രത്തോളം ബാധിക്കും എന്നാണ് ഇനി അറിയേണ്ടത്. ഇവയാണ് ആ 12 നിയമങ്ങള്‍ താഴെ കൊടുക്കുന്നു.

1.ഇന്ന് മുതല്‍ യു.എ.ഇയില്‍ ഇ- വാഹന ചാർജ്ജിങിന് ഫീസ് ഈടാക്കും. ഡിസി ചാർജ്ജറുകള്‍ക്ക് കിലോവാട്ടിന് 1.20 ദിർഹവും എസി ചാർജറുകള്‍ക്ക് 0.70 ദിർഹവുമാണ് നിരക്ക്. ഇതിനുപുമെ വാറ്റും നല്‍കേണ്ടതായി വരും. ഇതിനായി ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടുകയും ഇതിനുവേണ്ടി മൊബൈല്‍ ആപ്പ് പുറത്തിറക്കുകയും ചെയ്തു.

2.ദുബായില്‍ സൗജന്യ വൈ-ഫൈ സൗകര്യം കൂടുതല്‍ ബസ് സ്റ്റേഷനുകളില്‍ വ്യാപിപ്പിക്കും. എന്നാല്‍, പൊതു വൈ-ഫൈകള്‍ ഉപയോഗിക്കുമ്ബോള്‍ സുരക്ഷ ഉറപ്പാക്കേണ്ടത് സ്വന്തം ഉത്തരവാദിത്വത്തില്‍ പെടും.


3.മാലിന്യ നിർമാർജ്ജനം ഊർജിതമാക്കുന്നത്തിന്റെ ഭാഗമായി മാലിന്യ നിർമാർജ്ജന സേവന നിരക്ക് കൂട്ടും. താമസക്കാർക്കും വ്യവസായങ്ങള്‍ക്കും ഇത് ബാധകമാണ്. ജല, വൈദ്യുതി ബില്ലിനൊപ്പമാണ് ഇത് ഈടാക്കുക. 3 വർഷത്തിനകം ഘട്ടം ഘട്ടമായി ഇത് നടപ്പാക്കും. ഈ വർഷം ഗാലന് 1.5 ഫില്‍സും അടുത്ത വർഷം 2 ഫില്‍സും 2027ല്‍ 2.8 ഫില്‍സുമാണ് ഈടാക്കുക.

4.പ്ലാസ്റ്റിക് നിരോധനം ശക്തമാകും. പ്ലാസ്റ്റിക് സ്പൂണുകള്‍, സ്റ്റൈറോഫോം കണ്ടെയ്നറുകള്‍, ടേബിള്‍ കവറുകള്‍, സ്ട്രോ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം കപ്പുകള്‍ എന്നിവയാണ് ഈ വർഷം നിരോധനത്തില്‍ ഉള്‍പ്പെടുത്തിയത്.


5.ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ സഹായകരമാകുന്ന ന്യൂട്രി-മാർക്ക് ലേബലിങ് അബുദാബിയില്‍ ആരംഭിക്കും. ഭക്ഷണത്തിലെ ചേരുവകള്‍ അറിഞ്ഞ് ഓർഡർ ചെയ്യാൻ ഇത് സഹായിക്കും. അമിതഭാരം പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യം.


6.പൊതുഗതാഗത സേവനത്തിനും സാധനങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിക്കുന്ന ദുബായ് ആർ.ടി.എയുടെ ഡിജിറ്റല്‍ നോല്‍ കാർഡ് എല്ലാ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. നിലവില്‍ സാംസങ്, ഹുവാവേ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇത് ലഭ്യമായിട്ടുള്ളത്.

7.പുതിയ പാർക്കിങ് നിരക്ക് മാർച്ച്‌ മുതല്‍ നിലവില്‍ വരും. സ്റ്റാൻഡേഡ്, പ്രീമിയം, ഗ്രാൻഡ് ഇവന്റ്സ് പാർക്കിങ് എന്നിങ്ങനെയാണ് ഇത് തരം തിരിച്ചിട്ടുള്ളത്. ഇതില്‍ പ്രീമിയം പാർക്കിങിന് മണിക്കൂറില്‍ 6 ദിർഹം ഈടാക്കും.


8.17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാമെന്ന പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍ വരും.


9.ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ട്രെയിൻ യാത്രയാണ് സ്വദേശികളും വിദേശികളും പ്രതീക്ഷിക്കുന്ന സുപ്രധാന പദ്ധതി. സ്വദേശിവല്‍ക്കരണം 8 ശതമാനത്തിലേക്ക് കടക്കുന്നതോടെ പദ്ധതി നടപ്പാകും.

10.തിരക്കേറിയ സമയങ്ങളില്‍ ദുബായില്‍ സാലിക്കിന് (ടോള്‍ ഗേറ്റ്) 6 ദിർഹം ഈടാക്കുന്ന ‘വേരിയബിള്‍ റോഡ് ടോള്‍ പ്രൈസിങ് സിസ്റ്റം’ ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വരും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ രാത്രി 8 വരെയും ആണ് തിരക്കേറിയ സമയം.


11.പുതിയ ഗതാഗത നിയമം മാർച്ച്‌ 29 മുതല്‍ പ്രാബല്യത്തില്‍ വരും. നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷയും പിഴയും വർധിക്കും. ഇ-ബൈക്ക്, ഇ-സ്കൂട്ടർ എന്നിവയ്ക്ക് പുതിയ നിയമം ബാധകമാകും. സ്മാർട്ട് എ.ഐ ക്യാമറകളിലൂടെ നിയമലംഘനം കയ്യോടെ പിടികൂടും. മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ തടവും ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. അപകടത്തില്‍ ആളപായമോ നാശനഷ്ടമോ പരുക്കോ ഉണ്ടായാല്‍ ശിക്ഷ ഇരട്ടിക്കും.

12.അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട്ട് ട്രാവല്‍ സിസ്റ്റം എല്ലാ യാത്രക്കാർക്കും ലഭ്യമാകും. ഇതോടെ യാത്രാ നടപടികള്‍ക്കുള്ള സമയം കുറയും. പാസ്പോർട്ടോ, ബോർഡിങ് പാസോ കാണിക്കാതെ തന്നെ എയർപോർട്ട് സേവനങ്ങള്‍ ഉപയോഗപ്പെടുത്താൻ യാത്രക്കാർക്ക് സാധിക്കും.

STORY HIGHLIGHTS:12 new laws will come into effect in the UAE by the year 2025

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker