29 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് വേർപിരിയുകയാണെന്ന് അറിയിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനും.
സൈറയാണ് ആദ്യ വിവാഹമോചനം സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. വേദനയോടെ എടുത്ത തീരുമാനമാണിതെന്നും പരസ്പരം സ്നേഹിക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങള്‍ പരിഹാരിക്കാനാകാത്ത അകല്‍ച്ച തങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെന്ന് അഭിഭാഷക മുഖേനെ പുറത്ത് വിട്ട പ്രസ്താവനയില്‍ സൈറ ബാനു വ്യക്തമാക്കി.
പിന്നാലെ എആർ റഹ്മാന്റെ പ്രസ്താവനയുമെത്തി. വിവാഹജീവിതം മഹത്തരമായ മുപ്പത് വർഷങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ എല്ലാത്തിനും അദൃശ്യമായ അവസാനം ഉണ്ടെന്ന് തോന്നുന്നെന്ന് എആർ റഹ്മാൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 1995 ലാണ് എആർ റഹ്മാനും സൈറ ബാനുവുവും വിവാഹം ചെയ്തത്. അമ്മയാണ് വധുവിനെ കണ്ടെത്തിയതും വിവാഹം നടത്തിയതുമെന്ന് എആർ റഹ്മാൻ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സിനിമാ തിരക്കുകളിലായതിനാല്‍ തനിക്ക് വധുവിനെ പോയി കാണാനുള്ള സമയമില്ലായിരുന്നെന്നും അന്ന് ഇദ്ദേഹം വ്യക്തമാക്കി.
വധുവിനെ കണ്ടെത്തുന്നതിന് മുമ്ബ് ചില നിബന്ധനകള്‍ റഹ്മാൻ അമ്മയ്ക്ക് മുന്നില്‍ വെച്ചിരുന്നു. വിവാഹം ചെയ്യാൻ പോകുന്ന പെണ്‍കുട്ടിക്ക് മൂന്ന് ഗുണങ്ങള്‍ വേണ്ടതുണ്ടെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. പെണ്‍കുട്ടി വിദ്യഭ്യാസം ഉള്ളയാളായിരിക്കണം എന്നതായിരുന്നു ആദ്യത്തെ നിബന്ധന. ബുദ്ധിമുട്ടേറിയ കുട്ടിക്കാലത്ത് എആർ റഹ്മാന് പഠനം തുടരാൻ സാധിച്ചിരുന്നില്ല. ഇത് കൊണ്ടാണ് തന്റെ ഭാര്യക്ക് വിദ്യഭ്യാസം വേണമെന്ന് ഇദ്ദേഹം ആഗ്രഹിച്ചത്.
തന്റെ ഭാര്യ സംഗീതം ഇഷ്ടപ്പെടുന്ന ആളായിരിക്കണം എന്നായിരുന്നു രണ്ടാമത്തെ നിബന്ധന. നന്നായി പെരുമാറുന്ന ആളായിരിക്കണം എന്നതായിരുന്നു മൂന്നാമത്തെ നിബന്ധന. ഈ മൂന്ന് ഗുണങ്ങളുമുള്ള സെെറ ബാനുവിനെ എആർ റഹ്മാന്റെ അമ്മ കണ്ടെത്തി. വിവാഹവും നടന്നു. വേർപിരിയുന്ന ഈ ഘട്ടത്തില്‍ സ്വകാര്യത മാനിക്കണം എന്ന് എആർ റഹ്മാനും സൈറ ബാനുവും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവരുടെ മൂന്ന് മക്കളും ഇതേ ആവശ്യം സോഷ്യല്‍മീഡിയയിലൂടെ ഉന്നയിച്ചു. ഖദീജ റഹ്മാൻ, എആർ അമീൻ, റഹീമ റഹ്മാൻ എന്നിവരാണ് റഹ്മാന്റെയും സൈറ ബാനുവിന്റെയും മക്കള്‍. മൂത്ത മകള്‍ ഖദീജ പിതാവിന്റെ പാത പിന്തുടർന്ന് സംഗീത സംവിധാന രംഗത്തേക്ക് കടന്ന് വന്നു. ഇന്ന് അറിയപ്പെടുന്ന സംഗീത സംവിധായികയാണ് ഖദീജ. സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത സാന്നിധ്യമാണ് 57 കാരനായ എആർ റഹ്മാൻ. ജീവിതത്തിലെ ഈ വിഷമഘട്ടത്തില്‍ റഹ്മാനെ ആശ്വസിപ്പിച്ചും ധൈര്യം പകർന്നും ആരാധകർ ഒപ്പമുണ്ട്.
അടുത്തിടെയാണ് റഹ്മാന്റെ സഹോദരി എആർ റയ്ഹാനയുടെ മകൻ ജിവി പ്രകാശും വിവാഹ മോചനം നേടുകയാണെന്ന് വ്യക്തമാക്കിയത്. സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശും ഭാര്യ സൈന്ധവിയും സംയുക്തമായി പുറത്ത് വിട്ട പ്രസ്താവനയിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്. സിനിമാ സംഗീത ലോകത്ത് നിന്ന് വരുന്ന വിവാഹമോചന വാർത്തകള്‍ തുടർകഥയാവുകയാണ്. അടുത്തിടെയാണ് നടൻ ജയം രവിയും ഭാര്യ ആരതി രവിയും വിവാഹ മോചിതരാകാൻ തീരുമാനിച്ചത്. ഇതിന് മുമ്ബ് ധനുഷ്-ഐശ്വര്യ രജിനികാന്ത് വേർപിരിയലും സിനിമാ ലോകത്ത് ചർച്ചയായി.
STORY HIGHLIGHTS:AR Rahman and his wife Zaira Ban have separated.