സ്റ്റേഡിയത്തിൽ വ്യായാമം ചെയ്ത് കൊണ്ടിരുന്ന ആൾക്കൂട്ടത്തിലേക്കാണ് കാർ
ബീജിങ്: ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി ചൈനയിൽ 35 പേർ കൊലപ്പെട്ടു. തെക്കൻ ചൈനയിലെ ജൂഹായിലാണ് സംഭവം. സ്പോർട്സ് സെന്ററിലെ സ്റ്റേഡിയത്തിൽ വ്യായാമം ചെയ്ത് കൊണ്ടിരുന്ന ആൾക്കൂട്ടത്തിലേക്കാണ് കാർ ഇടിച്ചു കയറിയത്. ജൂഹായിൽ വ്യോമസേനയുടെ എയർഷോ നടക്കുന്നതിന് ഒരു ദിവസം മുന്നോടിയായാണ് ദാരുണ സംഭവം അരങ്ങേറിയത്. എയർഷോ കാണാൻ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് നിരവധിയാളുകൾ ജൂഹായിൽ എത്തിയിരുന്നു.
ഫാൻ എന്ന് പേരുള്ള 62 കാരനായിരുന്നു കാറോടിച്ചിരുന്നത്. സ്റ്റേഡിയത്തിലെ ബാരിക്കേഡ് തകർത്ത് ഇയാൾ എസ്.യു.വി മോഡലിലുള്ള വണ്ടി ഇടിച്ചുകയറ്റുകയായിരുന്നു. വയോധികരും കുട്ടികളുമടക്കം ഒട്ടേറെ പേർ അവിടെയുണ്ടായിരുന്നുവെന്ന് എ.പി റിപ്പോർട്ട് ചെയ്യുന്നു. 45 ലേറെ പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.
അപകടത്തിന് ശേഷം ഡ്രൈവർ ഓടിരക്ഷപ്പെടാൻ നോക്കി. സ്വന്തം ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. പോലീസ്
പിടികൂടിയപ്പോഴേക്കും ഇയാൾ അബോധാവസ്ഥയിലായി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാൾ നിലവിൽ അബോധാവസ്ഥയിലാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഫാൻ വിവാഹമോചിതനായത്. സ്വത്ത് പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള കോടതി വിധിയിൽ ഇയാൾ അതൃപ്തനായിരുന്നുവെന്നും അതിന്റെ ദേഷ്യം ആക്രമണത്തിന് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ദൃക്സാക്ഷികൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
എന്നാൽ അവയിൽ ഭൂരിഭാഗവും സർക്കാർ നീക്കം ചെയ്തുവെന്നാണ് വിവരം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സംഭവത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തി.
പരിക്കേറ്റവർക്ക് നല്ല ചികിത്സ നൽകണമെന്നും കുറ്റവാളിയെ കഠിനമായി ശിക്ഷിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.
STORY HIGHLIGHTS:A car rammed into a crowd of people exercising; 35 people died