ന്യൂഡൽഹി: മദ്രസകൾക്കെതിരെ നീക്കവുമായി ദേശീയ ബാലാവകാശ കമ്മീഷൻ. മദ്രസകൾക്ക് ധനസഹായം നൽകരുതെന്ന നിർദേശവുമായി കമ്മീഷൻ തലവൻ പ്രിയങ്ക് കാൻഗൊ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. മദ്രസബോർഡുകൾ നിർത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിർദേശമുണ്ട്.
മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷൻ്റെ കത്ത്. എൻസിപിസിആർ തയാറാക്കിയ 11 അധ്യായങ്ങൾ അടങ്ങുന്ന റിപ്പോർട്ടിൽ മദ്രസകൾ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ ലംഘിക്കുന്നതായി ആരോപിക്കുന്നു. 2009ലെ വിദ്യാഭ്യാസ അവകാശ
നിയമപ്രകാരം എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം
ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന
സർക്കാരിന്റെ കടമയാണെന്നും കത്തിൽ
ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
യുപി, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മദ്രസകൾക്കെതിരെ നിയമപോരാട്ടം തുടരുന്നതിനിടെയാണ് ബാലാവകാശ കമ്മീഷന്റെ നിർദേശം. മധ്യപ്രദേശിൽ ക്രിസ്ത്യൻ സ്ഥാപനങ്ങളിലും അനാഥലയങ്ങളിലും റെയ്ഡ് നടത്തി കുപ്രസിദ്ധി നേടിയയാളാണ് പ്രിയങ്ക് കാൻഗൊ.
STORY HIGHLIGHTS:National Child Rights Commission says not to fund madrasas; It is also suggested that madrasa boards should be abolished