
ഡൽഹി:എണ്ണവില ഉയർന്നതിന് പിന്നാലെ രൂപക്ക് റെക്കോഡ് തകർച്ച. വെള്ളിയാഴ്ച യു.എസ് ഡോളറിനെതിരെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് രൂപയെത്തി.
എണ്ണവില ഉയരുന്നതിനൊപ്പം ഇന്ത്യയിലെ ഓഹരി വിപണിയില്‍ നിന്നും പണം കൂട്ടത്തോടെ പുറത്തേക്ക് ഒഴുകുന്നതും രൂപയുടെ തകർച്ചക്കുള്ള കാരണമായി.
ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 83.99 ഡോളറിലേക്ക് ദുർബലമായി. സെപ്തംബർ 12ന് 83.98ലേക്കാണ് ദുർബലമായതായിരുന്നു ഈ അടുത്തുണ്ടായ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് രണ്ടാഴ്ച കൊണ്ട് രൂപ തിരികെ വരികയായിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം എണ്ണവില ഉയർന്നതും ഓഹരി വിപണിയിലെ ഫണ്ടുകള്‍ വലിയ രീതിയില്‍ വിദേശത്തേക്ക് പോയതും രൂപയുടെ വിനിമയ മൂല്യത്തെ സ്വാധീനിക്കുകയായിരുന്നു.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ ഭാവി വിലകള്‍ നാല് ശതമാനം വരെ ഉയർന്നു. മില്‍ട്ടണ്‍ ചുഴലിക്കാറ്റിന് മുമ്ബുണ്ടായ എണ്ണ ഉപഭോഗത്തിലെ വർധനയാണ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വില കൂടുന്നതിനുള്ള കാരണങ്ങളിലൊന്നായി വിലയിരുത്തുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ ഭാവി വിലകള്‍ 2.82 ഡോളർ ഉയർന്നു. 3.7 ശതമാനം ഉയർച്ചയാണ് ബ്രെന്റ് ക്രൂഡിന് ഉണ്ടായത്. 79.40 ഡോളറായാണ് ബാരലിന് എണ്ണവില ഉയർന്നത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വില 3.6 ശതമാനം കൂടി 75.85 ഡോളറിലെത്തി.
ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യങ്ങളിലൊന്നും ഉപഭോക്താവുമായ യു.എസില്‍ വീശിയടിച്ച മില്‍ട്ടണ്‍ ചുഴലിക്കാറ്റ് എണ്ണവിലയെ സ്വാധീനിച്ചു. ചുഴലിക്കാറ്റ് മൂലം എണ്ണവിതരണത്തിലും പല തടസ്സങ്ങളും നേരിടുന്നുണ്ട്. ഇത് വിലയില്‍ പ്രതിഫലിക്കുന്നു.
ഇറാന്റെ ഇസ്രായേല്‍ ആക്രമണമാണ് ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ഭാവി വില വർധിക്കാനുള്ള കാരണം. ഇറാന് ഇസ്രായേല്‍ തിരിച്ചടിയുണ്ടാകുമെന്ന റിപ്പോർട്ടുകള്‍ എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
അതേസമയം, ഇറാന്റെ എണ്ണപ്പാടങ്ങളെ ഇസ്രായേല്‍ ആക്രമിച്ചാല്‍ അത് വലിയ പ്രത്യാഘതങ്ങള്‍ സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന്റെ എണ്ണപ്പാടങ്ങളെ ആക്രമിക്കരുതെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


STORY HIGHLIGHTS:All-time low for rupee