ബില്ക്കിസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികള്ക്കും നല്കിയ ശിക്ഷാ ഇളവ് റദ്ദാക്കിയ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഗുജറാത്ത് സർക്കാരിന്റെ ഹർജി തള്ളി സുപ്രീംകോടതി.
സംസ്ഥാനത്തിനെതിരെ സുപ്രീകോടതി നടത്തിയ ചില നിരീക്ഷണങ്ങള്ക്കെതിരെയായിരുന്നു സർക്കാരിന്റെ ഹർജി. കഴിഞ്ഞ ജനുവരി എട്ടിനായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി.
പുനപരിശോധനാ ഹർജികളും ഉത്തരവും അനുബന്ധ രേഖകളും വിശദമായി പരിശോധിച്ചു. ഉത്തരവുകളില് പിഴവുകളില്ലെന്നും പുനപരിശോധന ഹർജികള്ക്ക് മെറിറ്റില്ലെന്നും വ്യക്തമായി. ഇതിനാല്, പുനപരിശോധനാ ഹർജികള് തള്ളുന്നു, ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജല് ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാന സർക്കാർ അധികാരം കവർന്നെടുക്കാൻ ശ്രമിച്ചെന്നും വിവേചനാധികാരം ദുരുപയോഗം ചെയ്തെന്നുമുള്ള കോടതിയുടെ നിരീക്ഷണങ്ങളില് പിഴവുണ്ടെന്ന് ചൂണ്ടിക്കാണിക്കാനാണ് ഗുജറാത്ത് സർക്കാർ ശ്രമിച്ചത്.
ബലാത്സംഗത്തിന് ഇരയാകുമ്ബോള് ബില്ക്കിസ് ബാനുവിന് 21 വയസായിരുന്നു പ്രായം, അഞ്ചുമാസം ഗർഭിണിയുമായിരുന്നു. 2002ല് നടന്ന ഗുജറാത്ത് കലാപത്തില് നിന്ന് രക്ഷപ്പെടുന്നതിനിടെയായിരുന്നു സംഭവം. ആക്രമണത്തില് ബില്ക്കിസ് ബാനുവിന്റെ മൂന്ന് വയസുള്ള മകള് ഉള്പ്പെടെ ഏഴ് കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്.
2008ല് സംഭവവുമായി ബന്ധപ്പെട്ട് 11 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ഇവർക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. ഗുജറാത്ത് സർക്കാരിന്റെ റിമിഷൻ പോളിസി പ്രകാരം 2022 ഓഗസ്റ്റ് 15ന് 11 പേരും മോചിതരായി.
ജനുവരി എട്ടിനായിരുന്നു ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കിയത്. ഗുജറാത്ത് സർക്കാരിന് ശിക്ഷയില് ഇളവ് നല്കാൻ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണ നടന്ന മഹാരാഷ്ട്രയിലെ സർക്കാരിന് മാത്രമാണ് അധികാരമുള്ളതെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇളവ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ കോടതി പ്രതികള് ഉടനടി ജയിലില് തിരികെ പ്രവേശിക്കണമെന്നും നിർദേശിച്ചു.
നിയമം ലംഘിച്ച് കുറ്റവാളികളെ വിട്ടയച്ചതയാണ് കോടതി ഗുജറാത്ത് സർക്കാരിന്റെ നടപടിയെ നിരീക്ഷിച്ചത്. നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതില് കോടതി ഒരു വിളക്കായിരിക്കണമെന്നും അല്ലാത്തപക്ഷം ജനാധിപത്യം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും കോടതി പറഞ്ഞു.
STORY HIGHLIGHTS:Bilkis Banu case: Gujarat government hit back; The petition against the action for cancellation of the remission of sentence of the accused was dismissed