ഇന്ത്യയിലെ ആദ്യത്തെ ബോയിംഗ് 737 മാക്സ് 9 സ്വന്തമാക്കി മുകേഷ് അംബാനി.
ഇന്ത്യയിലെ ആദ്യത്തെ ബോയിംഗ് 737 മാക്സ് 9 സ്വന്തമാക്കി മുകേഷ് അംബാനി. ഏകദേശം 1,000 കോടി രൂപയാണ് ഈ അള്ട്രാ ലോംഗ് റേഞ്ച് ബിസിനസ് ജെറ്റിന്റെ വില. ഇന്ത്യയില് ഒരു വ്യവസായിയുടെ കൈവശമുളള ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് എന്ന നേട്ടവും ഇതോടെ മുകേഷ് അംബാനിയുടെ പേരിലായി.
ഈ പുതിയ ജെറ്റിന് പുറമെ മറ്റ് ഒമ്പത് സ്വകാര്യ ജെറ്റുകള് കൂടി റിലയന്സ് ഇന്ഡസ്ട്രീസിനുണ്ട്. ഒറ്റ പറക്കലില് വിമാനത്തിന് 6,355 നോട്ടിക്കല് മൈല് (11,770 കിലോമീറ്റര്) ദൂരം സഞ്ചരിക്കാനാകും. സ്വിറ്റ്സര്ലന്ഡിലെ ബാസല്-മള്ഹൗസ്-ഫ്രീബര്ഗ് യൂറോ എയര്പോര്ട്ടില് വിപുലമായ ക്യാബിന് പരിഷ്ക്കരണങ്ങള്ക്കും ഇന്റീരിയര് നവീകരണത്തിനും ശേഷമാണ് ബോയിംഗ് മാക്സ് 9 ഇന്ത്യയിലെത്തിയത്.
ഇന്ത്യയിലെത്തുന്നതിനു മുമ്പായി ബാസല്, ജനീവ, ലണ്ടനിലെ ലൂട്ടണ് വിമാനത്താവളങ്ങള്ക്കിടയില് ജെറ്റ് ആറ് പരീക്ഷണ പറക്കലുകള് പൂര്ത്തിയാക്കി. നിലവില് വിമാനം ഡല്ഹി എയര്പോര്ട്ടിലാണ് പാര്ക്ക് ചെയ്തിരിക്കുന്നത്. റിലയന്സ് ഇന്ഡസ്ട്രീസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മുംബൈയിലേക്ക് ജെറ്റ് ഉടന് എത്തിക്കുമെന്നാണ് റിപ്പോര്ട്ടുകള്.
STORY HIGHLIGHTS:Mukesh Ambani owns India’s first Boeing 737 Max 9.