പാകിസ്ഥാന് മുന് പ്രസിഡന്റായ പര്വേസ് മുഷറഫിന്റെ ഇന്ത്യയിലെ ഉത്തർ പ്രദേശിലെ സ്വത്തുക്കള് ലേലം ചെയ്യാനുള്ള നടപടികള് തുടങ്ങി . സംസ്ഥാനത്തെ ബാഗ്പത്ത് ജില്ലയിലെ കൊട്ടാന ഗ്രാമത്തിലുള്ള കുടുംബ സ്വത്തുക്കളാണ് സർക്കാർ ലേലത്തില് വച്ചിരിക്കുന്നത്. ഈ ഗ്രാമത്തിലാണ് പര്വേസ് മുഷറഫിന്റെ അച്ഛന് മുഷറഫുദ്ദീനും അമ്മ ബീഗം സറീനും വിവാഹത്തിന് ശേഷം താമസിച്ചിരുന്നത്.
ഇവിടെയുള്ള രണ്ട് ഹെക്ടര് ഭൂമിയും ഒരു പഴയ കെട്ടിടവും ആണ് ഓണ്ലൈനില് ലേലത്തിന് വച്ചിരിക്കുന്നത്. മുഷ്റഫിന്റെ അച്ഛനും അമ്മയും 1943ല് ഡല്ഹിയിലേക്ക് പോവുകയും വിഭജന സമയത്ത് പാകിസ്ഥാനിൽ കുടിയേറുകയായിരുന്നു. അതേസമയം, ഈ ഭൂമി മുഷറഫിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ളതല്ലെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര് പറയുന്നു.
ഒരിക്കൽ അദ്ദേഹത്തിന്റെ ബന്ധുക്കള് ഭൂമി ഈ പ്രദേശത്ത് തന്നെയുള്ള ആളുകള്ക്ക് വില്ക്കുകയും പിന്നീട് രാജ്യം വിടുകയും ചെയ്തിരുന്നു. പക്ഷെ ഇത് പിന്നീട് കേന്ദ്ര സര്ക്കാര് ഏറ്റെടുക്കുകയും എനിമി പ്രോപ്പര്ട്ടിയായി പ്രഖ്യാപിക്കുകയുമായിരുന്നു. പര്വേസ് മുഷറഫിന്റെ സഹോദരന് ഡോ. ജാവേദ് മുഷറഫിന്റെ പേരിലായിരുന്നു സ്വത്തുക്കള്. 15 വര്ഷം മുമ്പ് ഇവ എനിമി പ്രോപ്പര്ട്ടിയായി കേന്ദ്ര സര്ക്കാര് ഉള്പ്പെടുത്തിയതിന് പിന്നാലെയാണ് ലേല നടപടികള് തുടങ്ങുന്നത്.
STORY HIGHLIGHTS:Former Pakistan President Pervez Musharraf’s family properties in UP up for auction