സമയം രാവിലെ 10മണി, അധികം തിരക്കില്ലാത്ത ശാന്തമായ റോഡ്,ഹോണടികള് ഇല്ലാതെ സമാധാനത്തോടെ പോകുന്ന വാഹനങ്ങള് ഹായ് എത്ര മനോഹരമായ നടക്കാത്ത സ്വപ്നം അല്ലേ..
ഗതാഗതക്കുരുക്കില്ലാത്ത ഒരുദിവസം പോലും നമുക്ക് ആലോചിക്കാനേ പറ്റില്ല. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ചിലപ്പോള് 10 മിനിറ്റ് ചിലപ്പോള് മണിക്കൂറുകള് ഗതാഗതക്കുരുക്കില്പ്പെട്ട് ക്ഷമ നശിച്ചവരായിരിക്കും നമ്മളില് പലരും. എന്നാല് ദിവസങ്ങളോളം ഗതാഗതക്കുരുക്കില് പെടുന്ന അവസ്ഥയെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
എന്നാല് അങ്ങനെയും സംഭവിച്ചു. ഇവിടെ അല്ല നമ്മുടെ തൊട്ട് അയല്പ്പക്കത്ത് ചൈനയില്. തലസ്ഥാനമായ ബീജിംഗിലാണ് അത് സംഭവിച്ചത്. 2010 ഓഗസ്റ്റ് 14 നായിരുന്നു ചൈനക്കാർ ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത ആ ഗതാഗത കുരുക്ക് ഉണ്ടായത്.ബീജിംഗ്-ടിബറ്റ് ഹൈവേയില് 100 കിലോമീറ്റർ നീളമുള്ള ഗതാഗതക്കുരുക്കാണ് ഉണ്ടായത്. 12 ദിവസമാണ് ഇത് നീണ്ടുനിന്നത്.
ബീജിംഗ്-ടിബറ്റ് ഹൈവേയില് കല്ക്കരി നിറച്ച ട്രക്കുകള് സഞ്ചരിച്ചിരുന്നു. ഈ നിർമാണ സാമഗ്രികളെല്ലാം മംഗോളിയയില് നിന്ന് ബെയ്ജിംഗിലേക്ക് പോകുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില് ട്രക്കുകള്ക്ക് വഴിയൊരുക്കുന്നതിന് എക്സ്പ്രസ് വേയിലെ എല്ലാ വാഹനങ്ങളും ഒറ്റവരിപ്പാതയില് ഓടിക്കാൻ ഉത്തരവിട്ടു. ഈ സമയം വാഹനങ്ങളെല്ലാം ഇവിടെ കുരുങ്ങിത്തുടങ്ങി. നിമിഷനേരം കൊണ്ട് ഹൈവേയില് 100 കിലോമീറ്ററോളം ഗതാഗതക്കുരുക്കുണ്ടായി.
ഈ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ, പ്രാദേശിക ഭരണകൂടം ഹൈവേയില് നിന്ന് ട്രക്കുകള് നീക്കം ചെയ്യാൻ തീരുമാനിച്ചു. എല്ലാ ട്രക്കുകളും ഒന്നൊന്നായി ഹൈവേയില് നിന്ന് നീക്കം ചെയ്യുകയും ഹൈവേയുടെ രണ്ട് പാതകളും തുറക്കുകയും ചെയ്തു.അങ്ങനെ, 12 ദിവസത്തിനുശേഷം, 2010 ഓഗസ്റ്റ് 26 ന്, ഈ ഗതാഗതക്കുരുക്ക് അവസാനിച്ചു.
12 ദിവസമായി ഈ കുരുക്കില് കുടുങ്ങിക്കിടക്കുന്ന ആളുകളുടെ ജീവിതം പരിതാപകരമായിരുന്നു. എല്ലാവരും അവരവരുടെ കാറുകള് താത്ക്കാലിക താമസസ്ഥലങ്ങളാക്കി. നീണ്ട ഈ തിരക്ക് കാരണം ഹൈവേയില് ലഘുഭക്ഷണം, ശീതളപാനീയങ്ങള്, നൂഡില്സ്, വെള്ളം എന്നിവ വില്ക്കുന്ന കടകള് പോലും തുറന്നു. പ്രാദേശിക വില്പ്പനക്കാർ പത്തിരിട്ടി വരെ വില അധികം ഈടാക്കിയാണ് സാധനങ്ങള് വിറ്റിരുന്നതത്രേ.
ഒരു ദിവസത്തില് ഒരു കിലോമീറ്റർ എന്ന വളരെച്ചെറിയ തോതിലാണ് വാഹനങ്ങള് നീങ്ങിയതെന്ന് പിന്നീട് ഈ സംഭവത്തെപ്പറ്റി ഗവേഷണം നടത്തിയ വിദഗ്ധർ കണ്ടെത്തി.
STORY HIGHLIGHTS:The biggest traffic jam the world has ever seen; 12 days, 100 km