പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് ഹരിയാനയില്‍ 12-ാം ക്ലാസുകാരനെ കൊലപ്പെടുത്തിയതില്‍ കുട്ടിയുടെ പിതാവിനോട് മാപ്പുചോദിച്ച് ഗോരക്ഷാസേനയിലെ അംഗം.
ഒരു മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തതെന്നും കൊന്നത് ബ്രാഹ്‌മണനെന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് ഖേദം തോന്നിയെന്നും പ്രതി തന്റെ കാലില്‍ വീണ് പറഞ്ഞെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് സിയാനന്ദ് മിശ്ര .
ബജ്റംഗ് ദള്‍ പ്രവര്‍ത്തകനും ഹരിയാനയിലെ ഗോരക്ഷാ സേനയിലെ അംഗവുമായ അനില്‍ കൗശിക്കാണ് തന്നോട് ഓഗസ്റ്റ് 27ന് മാപ്പുചോദിച്ചതെന്ന് സിയാനന്ദ് പറഞ്ഞു. 12-ാം ക്ലാസുകാരനായ ആര്യന്‍ മിശ്രയെ വെടിവച്ച് കൊലപ്പെടുത്തിയതിന് കൗശിക് ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം 24നാണ് കൗശികും സംഘവും സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പോകുകയായിരുന്ന ആര്യനുനേരെ വെടിയുതിര്‍ത്തത്. പശുക്കടത്തുകാര്‍ കാറില്‍ രക്ഷപ്പെടുന്നു എന്ന വിവരം കേട്ട് തെറ്റിദ്ധരിച്ചാണ് ഇവര്‍ ആര്യനെ കൊലപ്പെടുത്തിയത്. മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ചാണ് മകനെ കൊന്നതെന്ന് കൂടി കേട്ടതോടെ ശക്തമായ എതിര്‍പ്പുമായി സിയാനന്ദ് മിശ്ര രംഗത്തെത്തി. നിങ്ങള്‍ എന്തിനാണ് ഒരു മുസ്ലീമിനെ കൊലപ്പെടുത്തുന്നത്? ശരിക്കും പശുവിന്റെ പേരില്‍ മാത്രമാണോ എന്ന് അപ്പോള്‍ തന്നെ താന്‍ കൗശികിനോട് ചോദിച്ചതായി സിയാനന്ദ് മിശ്ര പറഞ്ഞു. ഗോരക്ഷകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ നിയമം കൈയിലെടുക്കുന്നതിലെ കനത്ത അമര്‍ഷവും വേദനയും സിയാനന്ദ് പങ്കുവച്ചു.
അഥവാ പശുക്കടത്തെന്ന് തോന്നിയാല്‍ തന്നെ കാറിന്റെ ടയറിലേക്ക് വെടിവയ്ക്കുകയോ പൊലീസിനെ വിളിക്കുകയോ ചെയ്യുമായിരുന്നല്ലോ എന്തിനാണ് ഒരാളെ കൊല്ലുന്നതെന്നും വേദനയോടെ ആ പിതാവ് ചോദിച്ചു. പശുക്കളുടെ പേരില്‍ നടക്കുന്ന ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
STORY HIGHLIGHTS:Gorakshakan apologizes to Aryan Mishra’s father