Entertainment

സിനിമരംഗത്ത് പുതിയ പ്രതിസന്ധി, ഓണച്ചിത്രങ്ങളിലും ആശങ്ക

കൊച്ചി:മലയാള സിനിമയെ പിടിച്ചു കുലുക്കിയ ഹേമ കമ്മിറ്റി വെളിപ്പെടുത്തലിന്റെ അനന്തര ഫലങ്ങള്‍ സിനിമ വ്യവസായത്തിന് തിരിച്ചടിയാകുന്നു.

വിവാദത്തില്‍ അകപ്പെട്ടവരെ ഉള്‍പ്പെടുത്തിയുള്ള പരസ്യങ്ങള്‍ ഒട്ടുമിക്ക ബ്രാന്‍ഡുകളും പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെ പുതുതായി തുടങ്ങാനിരുന്ന ചില പ്രൊജക്ടുകളും അനിശ്ചിതത്വത്തിലായി. സിനിമയില്‍ പണംമുടക്കുന്നത് ബുദ്ധിയല്ലെന്ന തിരിച്ചറിവാണ് പുതുമുഖ നിര്‍മാതാക്കളെ അകന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.

സിനിമയോടുള്ള താല്പര്യത്താല്‍ പണംമുടക്കിയിരുന്ന പ്രവാസികള്‍ അടക്കമുള്ളവരാണ് പുതിയ വിവാദത്തോടെ പിന്തിരിഞ്ഞു നില്‍ക്കുന്നത്. 2023ല്‍ 160ലേറെ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ഇതില്‍ ഒട്ടുമിക്ക സിനിമകളുടെയും നിര്‍മാതാക്കള്‍ പുതിയ ആളുകളായിരുന്നു. വിദേശ മലയാളികള്‍ക്കിടയില്‍ സിനിമ നിര്‍മാണം വലിയ ട്രെന്‍ഡായി മാറിയിരുന്നു. നിര്‍മാണത്തിലേക്ക് ഇറങ്ങിയ പലര്‍ക്കും കൈപൊള്ളുകയും ചെയ്തു.

80കളിലും 90കളിലും മലയാള സിനിമയില്‍ നിറഞ്ഞു നിന്ന സൂപ്പര്‍ഹിറ്റ് നായകന്‍ അടുത്തിടെ സംവിധാനം ചെയ്ത സിനിമയുടെ നിര്‍മാതാവ് പ്രവാസി മലയാളിയാണ്. ഈ സിനിമ ഓണത്തിന് റിലീസ് ചെയ്യാനായിരുന്നു നീക്കം. എന്നാല്‍ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. ഇനി സിനിമ നിര്‍മിക്കുകയെന്ന റിസ്‌ക് ഏറ്റെടുക്കാനില്ലെന്നായിരുന്നു സാംസ്‌കാരിക മേഖലയിലടക്കം നിറഞ്ഞു നില്‍ക്കുന്ന ഈ പ്രവാസി മലയാളിയുടെ നിലപാട്.

നിര്‍മാതാക്കളുടെ പിന്മാറ്റം കൂടുതല്‍ ബാധിക്കുന്നത് ലോ ബജറ്റ് ചിത്രങ്ങളെയാണ്. പുതുമുഖങ്ങളെ മുഖ്യ കഥാപാത്രങ്ങളാക്കി ഷൂട്ടിംഗ് തിയതി വരെ നിശ്ചയിച്ചിരുന്ന മൂന്നോളം സിനിമകള്‍ അനിശ്ചിതമായി നീട്ടിവച്ചിട്ടുണ്ട്. പുതിയ ചിത്രങ്ങള്‍ക്കായുള്ള ചര്‍ച്ചകളും മരവിച്ച അവസ്ഥയിലാണ്. പുതിയ വിവാദങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ തിളങ്ങി നില്‍ക്കുന്നവര്‍ക്ക് വലിയ പ്രശ്‌നം സൃഷ്ടിക്കില്ലെങ്കിലും പുതുമുഖങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

2024ന്റെ തുടക്കത്തില്‍ തുടര്‍ച്ചയായി ഹിറ്റുകളുമായി മലയാള സിനിമ കുതിപ്പിലായിരുന്നു. ആദ്യത്തെ നാലു മാസം കൊണ്ട് 800 കോടി രൂപയിലധികം വാരിക്കൂട്ടാന്‍ സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ തലകീഴായി മറിയുകയായിരുന്നു. വയനാട് ദുരന്തവും തൊട്ടുപിന്നാലെ ഹേമ കമ്മിറ്റി വെളിപ്പെടുത്തലും വന്നതോടെ കാര്യങ്ങള്‍ മാറി.

ഓണസിനിമയില്‍ പ്രതിസന്ധി

ഇത്തവണത്തെ ഓണത്തിന് സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് എന്നിവരുടെ ചിത്രങ്ങള്‍ റിലീസിനില്ല. ടൊവിനോ തോമസ് ട്രിപ്പിള്‍ റോളിലെത്തുന്ന അജയന്റെ രണ്ടാം മോഷണം, ആന്റണി വര്‍ഗീസ് പെപ്പെയുടെ ‘കൊണ്ടല്‍’, ആസിഫ് അലിയുടെ ‘കിഷ്‌കിന്ധാ കാണ്ഡം’ എന്നീ ചിത്രങ്ങളാണ് മലയാളത്തില്‍ നിന്നുള്ള പ്രധാന റിലീസുകള്‍.

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ചിത്രങ്ങള്‍ ഓണത്തിന് വരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലാലിന്റെ ‘ബറോസ്’, മമ്മൂട്ടിയുടെ ‘ബസൂക്ക’ എന്നീ ചിത്രങ്ങളുടെ റിലീസിംഗ് മാറ്റിയിട്ടുണ്ട്. വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനാല്‍ ഓണത്തിന് തീയറ്ററിലേക്ക് വലിയ ഒഴുക്കുണ്ടാകില്ലെന്ന ആശങ്ക തീയറ്റര്‍ ഉടമകള്‍ക്കുണ്ട്.

STORY HIGHLIGHTS:New crisis in the film industry, worry about Onam films too

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker