കുവൈറ്റ്:ആഭ്യന്തര സംഘർഷവും വെള്ളപ്പൊക്കവും മൂലം ദുരിതം നേരിടുന്ന സുഡാന് കൂടുതല്‍ സഹായവുമായി കുവൈത്ത്.
കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) സംഭാവന ചെയ്ത 10 ടണ്‍ ദുരിതാശ്വാസ സഹായവുമായി കുവൈത്തിന്റെ വിമാനം സുഡാനിലെത്തി.
അടുത്തിടെ കുവൈത്ത് അയക്കുന്ന നാലാമത്തെ സഹായവിമാനമാണിത്. അടിയന്തര ദുരിതാശ്വാസ വസ്തുക്കള്‍, ഭക്ഷണം എന്നിവ സഹായ വിമാനത്തിലുണ്ട്.
സുഡാൻ ജനങ്ങളെ സഹായിക്കാനായുള്ള അമീർ ശൈഖ് മിശ്‌അല്‍ അല്‍ അഹമ്മദ് അല്‍ ജാബിർ അസ്സബാഹിന്റെ നിർദേശങ്ങള്‍ നടപ്പാക്കാനും കുവൈത്ത് ജനതയുടെ ഐക്യദാർഢ്യത്തിന്റെ ഭാഗവുമാണ് സഹായമെന്ന് കെ.ആർ.സി.എസ് ഡയറക്ടർ ജനറല്‍ അബ്ദുല്‍റഹ്മാൻ അല്‍ ഔൻ പറഞ്ഞു.
സുഡാൻ ജനതക്ക് ആശ്വാസം പകരുന്ന നിരവധി പ്രവർത്തനങ്ങളുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹായം എത്തിക്കുന്നതിനുള്ള ഏകോപനത്തിനും തുടർനടപടികള്‍ക്കും വിദേശകാര്യ മന്ത്രാലയം, സുഡാനിലെ കുവൈത്ത് എംബസി, കുവൈത്ത് എയർഫോഴ്‌സ് എന്നിവരെ അദ്ദേഹം അഭിനന്ദനം അറിയിച്ചു.
STORY HIGHLIGHTS:Kuwait with more aid to Sudan.