ഡല്ഹി: 2036 ഓടേ ഇന്ത്യയുടെ ജനസംഖ്യ 152 കോടി കടക്കാമെന്ന് കേന്ദ്രസര്ക്കാര്. 12 വര്ഷം കഴിയുമ്ബോള് ജനസംഖ്യയില് സ്ത്രീകളുടെ അനുപാതം ഉയര്ന്നേക്കാം.
2011ലെ 48.5 ശതമാനത്തില് നിന്ന് 48.8 ശതമാനമായി ഉയരുമെന്നാണ് കേന്ദ്രസര്ക്കാര് പ്രതീക്ഷിക്കുന്നത്. ഇത് ലിംഗസമത്വവുമായി ബന്ധപ്പെട്ട് അനുകൂല ഘടകമാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോര്ട്ടില് പറയുന്നു.
കൃത്യമായി പറഞ്ഞാല് 2036 ഓടേ ഇന്ത്യയുടെ ജനസംഖ്യ 152.2 കോടിയായി ഉയരുമെന്നാണ് കേന്ദ്രസര്ക്കാരിന്റെ അനുമാനം. അതേസമയം 2036 ഓടേ കുട്ടികളുടെ അനുപാതം കുറയാം. ജനനനിരക്ക് കുറയുന്ന പശ്ചാത്തലത്തില് 2011നെ അപേക്ഷിച്ച് 2036ല് പതിനഞ്ച് വയസില് താഴെയുള്ള കുട്ടികളുടെ അനുപാതം കുറവായിരിക്കുമെന്നാണ് കേന്ദ്രസര്ക്കാരിന്റെ കണക്കുകൂട്ടല്. എന്നാല് 12 വര്ഷത്തിന് ശേഷം 60 വയസിന് മുകളില് പ്രായമുള്ളവരുടെ എണ്ണത്തില് ഗണ്യമായ വര്ധനയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
2036 ആകുമ്ബോഴെക്കും ജനസംഖ്യയില് സ്ത്രീകളുടെ പ്രാതിനിധ്യം വര്ധിച്ചിരിക്കും. 2011നെ അപേക്ഷിച്ച് 2036ല് സ്ത്രീ- പുരുഷ അനുപാതം 952 ആയി വര്ധിച്ചേക്കാം. 2011ല് ആയിരം പുരുഷന്മാര്ക്ക് 943 സ്ത്രീകള് എന്നതാണ് അനുപാതം. ഇത് ലിംഗസമത്വവുമായി ബന്ധപ്പെട്ട് പ്രതീക്ഷ നല്കുന്നതാണെന്നും റിപ്പോര്ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള ജനനനിരക്ക് കുറഞ്ഞിട്ടുണ്ട്. 30ല് താഴെ പ്രായമുള്ളവര് മാതാപിതാക്കള് ആകുന്നത് കുറഞ്ഞു. എന്നാല് 35നും 39നും ഇടയില് പ്രായമുള്ളവര് മാതാപിതാക്കള് ആകുന്നത് വര്ധിച്ചിട്ടുണ്ട്.
2016 മുതല് 2020 വരെയുള്ള കണക്കുകള് വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്. 35-39 പ്രായപരിധിയില് വരുന്നവര് മാതാപിതാക്കള് ആകുന്നത് 32.7ല് നിന്ന് 35.6 ആയാണ് വര്ധിച്ചത്. ജീവിതം സെറ്റില് ആയ ശേഷം കുഞ്ഞുങ്ങള് മതിയെന്ന് ചിന്തിക്കുന്ന സ്ത്രീകളുടെ എണ്ണം ഉയര്ന്നു എന്നാണ് ഇത് കാണിക്കുന്നതെന്നും റിപ്പോര്ട്ട് ചൂണ്ടിക്കാണിക്കുന്നു.
STORY HIGHLIGHTS:The central government has predicted that India’s population will cross 152 crores by 2036