ആള്ട്ടോ കെ 10 കാറുകള് തിരികെ വിളിക്കുന്നു.
പ്രമുഖ വാഹന നിര്മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ 2555 ആള്ട്ടോ കെ 10 കാറുകള് തിരികെ വിളിക്കുന്നു. സാങ്കേതിക തകരാര് കണ്ടെത്തിയതിനെ തുടര്ന്നാണ് നടപടി.
സ്റ്റിയറിങ് ഗിയര് ബോക്സ് അസംബ്ലിയില് തകരാര് സംഭവിക്കാനുള്ള സാധ്യത മുന്നില് കണ്ടാണ് തീരുമാനം. ‘തകരാര്, വാഹനത്തിന്റെ സ്റ്റിയറബിലിറ്റിയെ ബാധിച്ചേക്കാം. തകരാര് ഉള്ള വാഹനങ്ങളുടെ ഉപഭോക്താക്കള് പാര്ട്സ് മാറ്റി സ്ഥാപിക്കുന്നതുവരെ വാഹനം ഓടിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്.
തകരാര് ബാധിച്ച വാഹനം മാരുതി സുസുക്കി അംഗീകൃത ഡീലര് വര്ക്ക്ഷോപ്പുകള് പരിശോധിച്ച് സൗജന്യമായി പാര്ട്സ് മാറ്റിസ്ഥാപിക്കുന്നതിന് ഉടമകളെ ബന്ധപ്പെടും’-എക്സ്ചേഞ്ച് ഫയലിങ്ങില് മാരുതി വ്യക്തമാക്കി. 2019 ജൂലൈ 30 നും 2019 നവംബര് 1 നും ഇടയില് നിര്മ്മിച്ച 11,851 യൂണിറ്റ് ബലേനോയും 4,190 യൂണിറ്റ് വാഗണ്ആറും മാര്ച്ചില് മാരുതി സുസുക്കി തിരിച്ചുവിളിച്ചിരുന്നു.
ഇന്ധന പമ്പ് മോട്ടോറിന്റെ ഒരു ഘടകത്തില് തകരാര് തിരിച്ചറിഞ്ഞതിനെ തുടര്ന്നായിരുന്നു തിരിച്ചുവിളിക്കാന് മാരുതി തീരുമാനിച്ചത്.
STORY HIGHLIGHTS:Alto K10 cars recalled.