NewsWorld

മുഹമ്മദ് യൂനസ് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ്

ധാക്ക: നോബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്‍റെ മുഖ്യ ഉപദേഷ്ടാവ് ആവും. ആന്റി ഡിസ്‌ക്രിമിനേഷന്‍ സ്റ്റുഡന്റ് മൂവ്‌മെന്‍റിന്‍റെ ഈ ആവശ്യം മുഹമ്മദ് യൂനുസ് അംഗീകരിച്ചതായി കോര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.

രാജ്യത്തെ രക്ഷിക്കുന്നതിനായി വിദ്യാര്‍ഥി സമൂഹത്തിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് ഈ നിര്‍ണായക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സമ്മതിച്ചതെന്ന് കോര്‍ഡിനേറ്റര്‍മാര്‍ പറഞ്ഞു. ഇടക്കാല സര്‍ക്കാരിനുള്ള ഒരു ചട്ടക്കൂട് 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഉടന്‍ പ്രഖ്യാപനം നടത്തുന്നതെന്ന് കോര്‍ഡിനേറ്റര്‍മാരിലൊരാളായ നഹിദ് പറഞ്ഞു.

പാര്‍ലമെന്റ് എത്രയും വേഗം പിരിച്ചുവിട്ട് ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ നിലപാട് വ്യക്തമാക്കി മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രഖ്യാപനം. രാജ്യത്ത് അരാജകത്വവും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്നതിനാല്‍ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തരവും ഫലപ്രദവുമായ നടപടികള്‍ കൈക്കൊള്ളാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിക്കുന്നുവെന്നും നഹിദ് പറഞ്ഞു. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളും നിയമത്തെ സഹായിക്കാന്‍ തെരുവിലിറങ്ങുമെന്നും നഹിദ് കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികള്‍ നിര്‍ദ്ദേശിച്ച സര്‍ക്കാരല്ലാതെ മറ്റൊരു സര്‍ക്കാരിനേയും അംഗീകരിക്കില്ല. ഞങ്ങള്‍ പറഞ്ഞതുപോലെ, ഒരു സൈനിക സര്‍ക്കാരോ സൈന്യത്തിന്റെ പിന്തുണയുള്ളതോ ഫാസിസ്റ്റുകളുടെ സര്‍ക്കാരിനേയോ അംഗീകരിക്കില്ലെന്നും നഹിദ് പറഞ്ഞു.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതോടെ ബംഗ്ലാദേശിന്റെ ഭരണം ആകെ സ്തംഭിച്ച അവസ്ഥയാണ്. ഹസീനയുടെ പിന്‍വാങ്ങല്‍ വാര്‍ത്ത പ്രചരിച്ചതോടെ, നൂറുകണക്കിന് ആളുകള്‍ പ്രസിഡന്റിന്റെ വസതിയായ സുധ സദന്‍ ആക്രമിക്കുകയും അതിക്രമിച്ച്‌ കയറി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. മന്ത്രിമാരുടേയും പാര്‍ട്ടി എംപിമാരുടേയും നേതാക്കളുടേയും വീടുകളും വ്യപാര സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു.

യുകെയില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഹസീന ഇന്ത്യയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ തുടരുന്നതിന് ഹസീനയ്ക്ക് താത്കാലിക അനുമതി മാത്രമാണ് നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാജിവച്ച ഹസീന ഇന്നലെ വൈകീട്ട് ഡല്‍ഹിയിലെ ഹിന്‍ഡന്‍ വ്യോമസേന താവളത്തിലാണ് ഇറങ്ങിയത്. മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് രാഷ്ട്രീയ അഭയം നല്‍കുന്നത് സംബന്ധിച്ച്‌ യുകെ സര്‍ക്കാരില്‍ നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

STORY HIGHLIGHTS:Muhammad Yunus Chief Advisor to the Interim Government of Bangladesh

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker