GulfSaudi

25 ശതമാനം സ്വദേശിവത്കരിക്കാനുള്ള പുതിയ നിയമം ഞായറാഴ്ച  മുതല്‍ പ്രാബല്യത്തില്‍ വരും.

സൗദി:സൗദിയില്‍ എൻജിനീയറിങ് തൊഴിലുകളില്‍ 25 ശതമാനം സ്വദേശിവത്കരിക്കാനുള്ള പുതിയ നിയമം ഞായറാഴ്ച (ജൂലൈ 21) മുതല്‍ പ്രാബല്യത്തില്‍ വരും.

അഞ്ചോ അതിലധികമോ എൻജിനീയർമാരുള്ള സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാകും. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ സ്ത്രീപുരുഷ പൗരർക്ക് കൂടുതല്‍ ഉത്തേജകവും ഉല്‍പാദന ക്ഷമവുമായ തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് മുനിസിപ്പല്‍- ഗ്രാമ- ഭവന മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് നിയമം നടപ്പാക്കുന്നത്.

രാജ്യത്തെ തൊഴില്‍ രംഗത്ത് സ്വദേശികളുടെ തോത് ഉയർത്തുന്നതിനുള്ള ഈ നിയമത്തിന്റെ തുടർനടപടികള്‍ മുനിസിപ്പല്‍ മന്ത്രാലയമാണ് നടപ്പാക്കുക. തൊഴില്‍ വിപണിയുടെ ആവശ്യകതകള്‍ക്കും എൻജിനീയറിങ് തൊഴിലുകളുടെ സ്പെഷലൈസേഷനും അനുസൃതമായി തീരുമാനം നടപ്പാക്കുന്നതിനുള്ള മേല്‍നോട്ട ചുമതലയും ഈ മന്ത്രാലയത്തിനാണ്.

യോഗ്യരായ സ്വദേശികളെ നിയമിക്കാൻ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് മാനവ വിഭവശേഷി മന്ത്രാലയം നല്‍കുന്ന പ്രോത്സാഹനങ്ങളും സഹായ പരിപാടികളും സ്വദേശികളെ നിയമിക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാകും.

റിപ്പോർട്ടുകള്‍ അനുസരിച്ച്‌ യോഗ്യരായ സ്വദേശി പൗരന്മാർക്ക് എൻജിനീയറിങ് തൊഴിലുകളില്‍ 8,000ലധികം അവസരങ്ങള്‍ സൃഷ്ടിക്കാനും തൊഴില്‍ വിപണിയില്‍ അവരുടെ പങ്കാളിത്തം വർധിപ്പിക്കാനും ഈ നിയമം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഞ്ചോ അതിലധികമോ എൻജിനീയർമാരുള്ള സ്ഥാപനങ്ങളില്‍ ആകെയെണ്ണത്തിന്റെ കാല്‍ഭാഗം സ്വദേശി എൻജിനീയർമാരായിരിക്കണം. സിവില്‍ എൻജിനീയർ, ഇൻറീരിയർ ഡിസൈൻ എൻജിനീയർ, സിറ്റി പ്ലാനിങ് എൻജിനീയർ, ആർക്കിടെക്ചറല്‍ എൻജിനീയർ, മെക്കാനിക്കല്‍ എൻജിനീയർ, സർവേയിങ് എൻജിനീയർ എന്നീ തസ്തികകളിലാണ് സ്വദേശിവത്കരണം.

ഈ വർഷം ജനുവരി 21 നാണ് എൻജിനീയറിങ് തൊഴില്‍മേഖലയില്‍ സ്വദേശിവത്കരണം കൊണ്ടുവരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയവും മുനിസിപ്പല്‍-ഗ്രാമ-ഭവന മന്ത്രാലയവും യോജിച്ചാണ് ഇതിനുവേണ്ടി പ്രവർത്തിക്കുകയെന്നും വ്യക്തമാക്കിയിരുന്നു.

നിയമം പ്രാബല്യത്തില്‍ വരുന്ന തീയതിയും അന്നു തന്നെ വെളിപ്പെടുത്തിയിരുന്നു. മാനവശേഷി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ എൻജിനീയറിങ് മേഖലയിലെ സ്വദേശിവത്കരണം, തൊഴിലുകള്‍, ആവശ്യമായ ശതമാനം എന്നിവയുടെ വിശദാംശങ്ങളടക്കം ഒരു ഗൈഡ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കുള്ള പിഴകളും വ്യക്തമാക്കിയിരുന്നു. ആ സമയക്രമവും പദ്ധതിയും അനുസരിച്ചാണ് ഇപ്പോഴത്തെ നടപടി.

സൗദി കൗണ്‍സില്‍ ഓഫ് എൻജിനീയേഴ്സില്‍നിന്ന് പ്രഫഷനല്‍ അക്രഡിറ്റേഷൻ നേടിയവർക്ക് മാത്രമാണ് നിയമന യോഗ്യത. അല്ലാത്തവരെ നിയമിച്ചാല്‍ അംഗീകൃത എൻജിനീയർമാരായി കണക്കാക്കില്ല. ഏറ്റവും കുറഞ്ഞ വേതനം ഏഴായിരം സൗദി റിയാലാണെന്നും നിശ്ചയിച്ചിട്ടുണ്ട്.

STORY HIGHLIGHTS:A new law to indigenize 25 percent of engineering jobs in Saudi Arabia will come into force from Sunday (July 21).

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker