യാത്രാബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കുള്ളതായാണ് വിവരം. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയില് ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയില് ഡബിള് ഡക്കർ ബസ് പാല് കണ്ടെയ്നറില് ഇടിച്ചാണ് അപകടം ഉണ്ടായത്.
ബിഹാറിലെ സീതാമർഹിയില്നിന്നും ഡല്ഹിയിലേക്ക് പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തില് ബസും ടാങ്കറും പൂർണമായും തകർന്നു.
സംഭവം അറിഞ്ഞയുടൻ തന്നെ മേഖലയിലുള്ളവർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പതിനെട്ട് പേരെയും മരിച്ച നിലയില്ത്തന്നെയാണ് പുറത്തെടുത്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില് മൃതദേഹങ്ങള് നടുറോഡില് നിരത്തിവെച്ചിട്ടിരിക്കുന്നത് കാണാം.
സംഭവത്തില് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് മതിയായ ചികിത്സ നല്കാനും നിർദ്ദേശം നല്കിയിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.
STORY HIGHLIGHTS:18 people died after a passenger bus collided with a tanker.