ലോകത്തെ ആദ്യത്തെ സിഎന്ജി ബൈക്ക് ഇന്ന് അവതരിപ്പിക്കും.
പ്രമുഖ വാഹന നിര്മ്മാതാക്കളായ ബജാജ് ഓട്ടോ ലോകത്തെ ആദ്യത്തെ സിഎന്ജി ബൈക്ക് ഇന്ന് അവതരിപ്പിക്കും.
മോട്ടോര് സൈക്കിളിന് ഫ്രീഡം 125 എന്ന് പേരിടാനാണ് സാധ്യതയെന്നാണ് റിപ്പോര്ട്ടുകള്. ഇരുചക്രവാഹന വിപണിയില് സിഎന്ജി ബൈക്ക് വിപ്ലവമാകും. 125 സിസി എന്ജിനുമായി വരുന്ന ബൈക്കിന് സിഎന്ജി, പെട്രോള് ഇന്ധന ഓപ്ഷനുകള് ഉണ്ടാവും.
എളുപ്പത്തില് ഇന്ധന ഓപ്ഷന് മാറ്റാന് കഴിയുന്ന വിധമായിരിക്കും രൂപകല്പ്പന. പെട്രോള് ബൈക്കുകളെ അപേക്ഷിച്ച് സിഎന്ജി ബൈക്ക് കാര്ബണ് ഡൈ ഓക്സൈഡ്, കാര്ബണ് മോണോക്സൈഡ് എന്നിവ പുറന്തള്ളുന്നത് കുറവായിരിക്കും. അതുകൊണ്ട് സിഎന്ജി ബൈക്ക് പരിസ്ഥിതി സൗഹൃദമായിരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 80,000 മുതല് 90,000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.
സിംഗിള് സീറ്റാണ് ഇതില് ക്രമീകരിക്കുക. സിഎന്ജി അധിഷ്ഠിത ഓട്ടോറിക്ഷ വില്പ്പനയില് കമ്പനി ഇതിനകം തന്നെ ഗണ്യമായ വിജയം നേടിയിട്ടുണ്ട്. രാജ്യത്തെ മൊത്തം ഓട്ടോ വിപണിയുടെ 60 ശതമാനവും കൈയാളുന്നത് ബജാജ് ഓട്ടോയാണ്. ബജാജ് ഫ്രീഡം 125ന്റെ ലോഞ്ച് ഇരുചക്ര വാഹന വിപണിയില് പുതിയ മാറ്റം കൊണ്ടുവരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ബജാജ് ഫ്രീഡം 125 ആദ്യം മഹാരാഷ്ട്ര വിപണിയില് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
STORY HIGHLIGHTS:The world’s first CNG bike will be launched today.