ഡൽഹി:നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജാർഖണ്ഡിലെ ഹസാരിബാഗിലെ ഒരു ഒയാസിസ് സ്കൂള് പ്രിൻസിപ്പല് എഹ്സനുല് ഹഖ്, വൈസ് പ്രിൻസിപ്പല് ഇംതിസാസ് ആലം എന്നിവരാണ് അറസ്റ്റിലായത്.
ഹസാരി ബാഗിലെ സ്കൂളില് നിന്നാണ് ചോദ്യപേപ്പർ ചോർന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സ്കൂള് പ്രിൻസിപ്പളിനെയും പരീക്ഷാ സെന്റർ സൂപ്രണ്ടിനെയും സി ബി ഐ അറസ്റ്റ് ചെയ്തത്. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്നലെ പാറ്റ്നയില് നിന്ന് മനീഷ് പ്രകാശ്, അശുതോഷ് എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
മേയ് അഞ്ചിന് നാഷണല് ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തിയ മെഡിക്കല് പ്രവേശന പരീക്ഷയുടെ ഹസാരിബാഗിന്റെ സിറ്റി കോർഡിനേറ്ററായിരുന്നു എഹ്സനുല് ഹഖ്. ഇംതിയാസ് ആലം എൻടിഎ നിരീക്ഷകനായും ഒയാസിസ് സ്കൂളിലെ സെന്റർ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു.
ചോദ്യപേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് ജില്ലയില് നിന്നുള്ള അഞ്ച് പേരെ കൂടി സിബിഐ ചോദ്യം ചെയ്യുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ഒയാസിസ് സ്കൂളില്നിന്നുമാണ് ചോദ്യ പേപ്പർ മുഖ്യപ്രതി സഞ്ജീവിന് ലഭിച്ചതെന്നാണ് സൂചന. അതേസമയം പേപ്പർ ചോർച്ചയ്ക്ക് പിന്നില് ആരാണെന്ന് വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തില് പാർലമെന്റില് ചർച്ച അനുവദിക്കാത്തതിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി രംഗത്തെത്തി. സഭയില് ചർച്ച അനുവദിക്കാത്തത് ദൗർഭാഗ്യകരമെന്നാണ് രാഹുല് ഗാന്ധി പറഞ്ഞത്.
ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശങ്കയാണ് നീറ്റ് വിഷയമെന്നടക്കം ചൂണ്ടികാട്ടി വീഡിയോ സന്ദേശവുമായാണ് രാഹുല് രംഗത്തെത്തിയത്. താൻ പാർലമെന്റില് വിഷയം ഉയർത്താൻ ശ്രമിച്ചു. പക്ഷേ തന്നെ അതിന് കേന്ദ്ര സർക്കാർ അനുവദിച്ചില്ല. നീറ്റ് ഒരു ദുരന്തമായി മാറിക്കഴിഞ്ഞു.
ചോദ്യപേപ്പർ ചോർന്നെന്ന് വ്യക്തമാണെന്നും ഇതിലൂടെ ചിലർ കോടികളുണ്ടാക്കിയെന്നും രാഹുല് ഗാന്ധി പറഞ്ഞു. ഇനിയും ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നും നീറ്റ് വിഷയത്തില് വ്യക്തത ലഭിക്കേണ്ടത്അത്യാവശ്യമാണെന്നും രാഹുല് പറഞ്ഞു. വിദ്യാർഥികള്ക്ക് അർഹിക്കുന്ന ബഹുമാനം നല്കാൻ പ്രധാനമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
STORY HIGHLIGHTS:NEET Question Paper Leak:
School principal and vice principal arrested in Jharkhand